ഹരിപ്പാട്: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പാട് പഞ്ചായത്തിൽ അനുവദിച്ച ഭവന സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. മന്ത്രി എ. സി മൊയ്തീൻ ചടങ്ങിൽ അദ്ധ്യക്ഷനായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ 10ാം വാർഡിലാണ് ലൈഫ് മിഷന്റെ ഭവന സമുച്ചയം നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് നിർമ്മാണം. നാലു നിലകളിലായി 44 ഫ്ലാറ്റുകളാണ് സമുച്ചയത്തിൽ ഉണ്ടാവുക. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്‌ലെറ്റ് എന്നിവ അടങ്ങുന്ന ഒരു ഫ്ലാറ്റിനു 445 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. സമുച്ചയ നിർമ്മാണത്തിനായി 7.10 കോടി രൂപയാണ് അടങ്കൽ തുക. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ശിലാഫലകത്തിന്റെ അനാച്ഛാദനം നിർവ്വഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രക്കുറുപ്പ്, വൈസ് പ്രസിഡന്റ് റ്റി. കെ സുജാത തുടങ്ങിയവർ പങ്കെടുത്തു.