photo

ആലപ്പുഴ: പമ്പയാറ്റിൽ ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവും സഹോദരപുത്രനും മുങ്ങി മരിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ വിമൽ രാജ് (38), സഹോദരൻ ബെഞ്ചമിന്റെ മകൻ ബെനഡിക്ട് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11മണിയോടെ നെടുമുടി പാലത്തിന് തെക്ക് മണിമല മുക്ക് പാലത്തിന് എതിർവശത്തായിരുന്നു അപകടം. വിമൽരാജിന്റെ ഭാര്യാ സഹോദരി സ്മിതയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇവിടെ എത്തുമ്പോൾ ചൂണ്ടയിടുക പതിവാണ്. ഇന്നലെ ചൂണ്ട എറിയുന്നതിനിടെ പ്ളാസ്റ്റിക് ചരട് വെള്ളത്തിൽ വീണു. ഇത് എടുക്കാൻ ഇറങ്ങിയ ബെനഡിക്ട് ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ വിമൽ രാജും വെള്ളത്തിൽ താഴ്ന്നു. ഇത് കണ്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും കയത്തിൽ താഴ്ന്നു പോയി. പിന്നീട് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് എത്തി നടത്തിയ തിരച്ചിലിൽ ഉച്ചക്ക് ഒരുമണിയോടെ ബെനഡിക്ടിന്റെയും തുടർന്ന് വിമൽ രാജിന്റെയും മൃതദേഹം കണ്ടെത്തി. നെടുമുടി പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംസ്‌കാരം പിന്നീട്. ഫാത്തിമയാണ് ബെനഡിക്ടിന്റെ അമ്മ. സഹോദരി :ഐശ്വര്യ. വിമലിന്റെ ഭാര്യ ബിൻസി. മക്കൾ: കെവിൻ, അന്ന.