ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 36 പേർക്ക്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ കേന്ദ്രം താത്കാലികമായി അടച്ചു. പഞ്ചായത്ത് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും.
ഇവിടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം നൂറ് കടന്നതിനു പിന്നാലെയാണ് ഇന്നലെ മാത്രം 36 പേർക്കു കൂടി രോഗബാധ കണ്ടെത്തിയത്.പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരടക്കം 187 പേർക്കാണ് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ 29 പേർ പോസിറ്റീവാണ്. അടൂരിൽ പരിശോധന നടത്തിയ 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മൂന്ന് നഴ്സുമാരും ഒരു ആശ പ്രവർത്തകയും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
നൂറനാട് പഞ്ചായത്തിൽ ഇന്നലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. ചുനക്കര പഞ്ചായത്തിൽ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും, ക്വാറന്റൈനിൽ ഉള്ളവരുൾപ്പെടെ 115 പേർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തി. ഇതിൽ സമ്പർക്കപ്പട്ടികയിലുള്ള 5 പേരും ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന 3 ഇതര സംസ്ഥാന തൊഴിലാളികളുമടക്കം 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിച്ചിരുന്ന താമരക്കുളം പഞ്ചായത്തിൽ ഇന്നലെ ഒരാൾക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.