ആലപ്പുഴ: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കിടന്നു പ്രതിഷേധിച്ച യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് രാജടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ഇ.എം.എസ് സ്‌റേഡിയത്തിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ, ജില്ലാ ഭാരവാഹികളായ രോഹിത് രാജ്, ഹരി ഗോവിന്ദ്, മഹേഷ് ഹരിപ്പാട്, അരുൺ ദേവികുളങ്ങര, അനൂപ് എടത്വ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൗമ്യ, ഉമാപതി രാജൻ, ജയശ്രീ മുരളീധരൻ, ആനന്ദ് ചന്ദ്രശേഖർ, സുനീഷ് പുഷ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.