tv-r

തുറവൂർ: കായൽ മലിനീകരണം നടത്തിയെന്ന പരാതിയിൽ ചെമ്മീൻ തല സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. തുറവൂർ പഞ്ചായത്ത് 11-ാം വാർഡ് വളമംഗലം തെക്ക് മൂലയിൽ ഭാഗത്ത് കൈതപ്പുഴ കായലിനരികിലെ സഫ എന്റർപ്രൈസസിന്റെ പ്രവർത്തനമാണ് നിറുത്തിവയ്പ്പിച്ചത്.

ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കെ.പി.എം.എസ് തുറവുർ യൂണിയൻ മുൻ സെക്രട്ടറിയും പ്രദേശവാസിയുമായ പി.ഡി. സാൽബൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. നാല് വർഷം മുൻപ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രവർത്തനം നിറുത്തി വച്ച സ്ഥാപനം, പേരുമാറ്റി വീണ്ടും പ്രവർത്തിച്ചു വരികയായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ കായലിലേക്ക് രാസമാലിന്യങ്ങളും അഴുക്കു വെള്ളവും തള്ളുന്നത് പതിവായിരുന്നു. ഇതോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിക്കുകയും ചെയ്തു. പുകക്കുഴൽ പോലും ഇല്ലാത്ത ചെമ്മീൻ തല സംസ്കരണ യൂണിറ്റ് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് പ്രവർത്തിച്ചിരുന്നതെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.