s

ആലപ്പുഴ: ആലപ്പാട്, ആറാട്ടുപുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന് പുറമേ കൊച്ചീടെ ജെട്ടി, ആയിരംതെങ്ങ് പാലങ്ങളും നിർമ്മാണത്തിലിരിക്കുന്ന കൂട്ടംവാതുക്കൽ പാലവും ഇരുപഞ്ചായത്തുകളിലെയും യാത്രാക്ളേശത്തിന് ഏറെക്കുറെ പരിഹാരമാവും.

ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, തറയിൽ കടവ്, രാമഞ്ചേരി പ്രദേശങ്ങളിൽ 29 ജീവനുകളാണ് സുനാമി കവർന്നത്. അന്ന് രക്ഷാപ്രവർത്തനത്തിന് തടസമായത് ദേശീയപാതയിൽ വേഗത്തിലെത്താൻ കഴിയുന്നില്ലെന്നതായിരുന്നു.വലിയഴീക്കലിൽ നിന്നും അഴീക്കലിൽ നിന്നും ദേശീയപാതയിൽ എത്താൻ 24 കിലോമീറ്ററിൽ അധികം സഞ്ചരിക്കണം. പാലങ്ങൾ പൂർത്തിയായാൽ ദേശീയപാതയിലെത്താൻ 10ൽ താഴെ കിലോമീറ്റർ സഞ്ചരിച്ചാൽ മതി.

കൊച്ചീടെ ജെട്ടി പാലത്തിന് കിഴക്കേക്കരയിൽ കണ്ടല്ലൂർ-ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ ഇടക്കായലിൽ നിർമ്മിക്കുന്ന കൂട്ടംവാതുക്കൽ പാലത്തിന്റെ പൂർത്തീകരണത്തോടെ വലിയഴീക്കലിൽ നിന്ന് ഓച്ചിറയിൽ എത്താൻ അഞ്ച് കിലോമീറ്റർ മതിയാകും. നിലവിൽ 12 കിലോമീറ്റർ സഞ്ചരിക്കണം. സുനാമി ദുരന്ത സമയത്ത് പ്രദേശത്ത് എത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് മുതുകളും, ആറാട്ടുപുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ വെട്ടത്തുകടവിൽ തൂക്കുപാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുൻകൈയെടുത്തതോടെയാണ് അഴീക്കൽ-വലിയഴീക്കൽ പാലം എന്ന ആശയം യാഥാർത്ഥ്യമാവുന്നത്.

.....................................

പാലം പൂർത്തീകരിക്കുന്നതോടെ ആറാട്ടുപുഴ പഞ്ചായത്തിന്റെയും തീരദേശത്തിന്റെയും വികസനത്തിന് വഴിയൊരുങ്ങും. അഴീക്കൽ, വലീയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം സാദ്ധ്യമാകും. മത്സ്യബന്ധന തുറമുഖ വികസനത്തിന്റെ മറവിൽ ഐ.ആർ.ഇയുടെ കരിമണൽ ഖനനം നടത്താൻ അനുവദിക്കില്ല. പഞ്ചായത്ത് ഭരണസമിതി ഖനത്തിനെതിരായ ജനങ്ങളുടെ അഭിപ്രയത്തിനൊപ്പമാണ്

അജിത, പ്രസിഡന്റ്, ആറാട്ടുപുഴ പഞ്ചായത്ത്

.....................................

വലിയഴീക്കൽ പാലം പൂർത്തിയാകുന്നതോടെ ആലപ്പാട്, ആറാട്ടുപുഴ പഞ്ചായത്തുകളുടെ വികസനം മാത്രമല്ല തെക്കൻ ജില്ലയിലെ യാത്രാക്ളേശം പരിഹരിക്കാനും വികസനത്തിനും കഴിയും. ചവറ മണ്ഡലത്തിൽ രണ്ട് ചെറിയ പാലങ്ങൾ നിർമ്മിച്ചാൽ നീണ്ടകരയിൽ നിന്ന് തോട്ടപ്പള്ളി വരെ തീരത്തുകൂടി മാത്രം യാത്രചെയ്യാൻ സാധിക്കും. നീണ്ടകര, ആയിരംതെങ്ങ്, അഴീക്കൽ, വലിയഴീക്കൽ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിക്കാനും സാധിക്കും

ഷംസുദ്ദീൻ കായിപ്പുറം, ബ്ളോക്ക് പഞ്ചായത്ത് അംഗം

........................

പാലം വേണം

നൂറിലധികം വർഷം പഴക്കമുള്ള വെട്ടത്തുമുക്ക് കടവിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച തൂക്ക് പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കണം. മുതുകുളത്തേക്ക് ആറാട്ടുപുഴയിൽ നിന്ന് വേഗത്തിൽ എത്തിച്ചേരാൻ പാലം സഹായകരമാകും

രാജീവ്, പഞ്ചായത്ത് മുൻ അംഗം, ആറാട്ടുപുഴ