a

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെ നേർച്ചിത്രങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഒരുക്കുന്ന മ്യൂസിയത്തിലുണ്ടാവുക. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി മികവാർന്ന രൂപത്തിൽ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച അന്തർ സംസ്ഥാന പഠനയാത്ര ഫണ്ട് വിനിയോഗിച്ചാണ് മ്യൂസിയത്തിന്റെ നിർമ്മാണം നടത്തുന്നത്. ശിൽപ്പിയും ചിത്രകാരനുമായ അനിൽ കട്ടച്ചിറയാണ് മ്യൂസിയത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്നത്.

പഴയകാല ഒർമകളിൽ മാത്രമൊതുങ്ങുന്ന തുളസിത്തറയും കടന്ന് പടികൾ കയറി ചെല്ലുന്നിടത്ത് തുടങ്ങുകയാണ് ഓണാട്ടുകരയുടെ കാർഷിക പൈതൃക സാംസ്‌കാരിക മ്യൂസിയം. ബുദ്ധ ശിൽപ്പം, ഓണാട്ടുകരയിൽ സർവ്വസാധാരണമായിരുന്ന പശുത്തൊഴുത്ത്, മാടക്കട, ചുമട് ഇറക്കിവെക്കുവാൻ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ചുമടുതാങ്ങി, പടിപ്പുരയോട് ചേർന്നുണ്ടായിരുന്ന പ്രാവിൻകൂട്, കൈവണ്ടി, ചക്രം, അറ, പെട്ടിപ്പറ എന്നിവ ഒരുക്കിയിരിക്കുന്നു. കൂടാതെ കലപ്പ, ചക്രം, മത്ത്, തുടം, വെറ്റിലചെല്ലം, കോളാമ്പി, പഴയ അളവുതൂക്ക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി 150ൽ പരം ഇനങ്ങളാണ് സജീകരിച്ചിരിക്കുന്നത്.

മ്യൂസിയത്തിൽ ഓണാട്ടുകരയിലെ മഹാരഥന്മാരായവരുടെ രൂപങ്ങളും അവരെകുറിച്ചുള്ള ഹ്രസ്വ വിവരണങ്ങളും ഇടംപിടിക്കും. മൺമറഞ്ഞുപോയവയെ നാളെയ്ക്ക് പരിചയപ്പെടുത്തുകയും പഠനവിഷയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് രൂപപ്പെടുത്തിയ ആശയങ്ങളാണ് മ്യൂസിയമായും പുസ്തകമൂലയായും യാഥാർത്ഥ്യമായി തീർന്നത്.