ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും മത്സ്യവകുപ്പും സംയുക്തമായി വേമ്പനാട് സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
മത്സ്യവകുപ്പിന്റെ കീഴിലുളള തീരദേശ വികസന കോർപ്പറേഷനുമായി ചേർന്ന് പഞ്ചായത്തിന്റെ ആറ് വാർഡുകളിലായി വള്ളക്കുളങ്ങളും തണ്ണീർമുക്കം മാർക്കറ്റിനോട് ചേർന്ന് ഫിഷ്‌ലാൻഡിംഗ് സെന്ററും തണ്ണീർമുക്കം മത്സ്യമാർക്കറ്റിന്റെ നവീകരണവും നടത്തും. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് പറഞ്ഞു.ഗ്രാമപഞ്ചായത്തിൽ ചെങ്ങണ്ട മുതൽ പുത്തനങ്ങാടി വരെയുളള 16 കിലോമീറ്റർ കായൽ തീരം മാലിന്യ വിമുക്തമാക്കുന്നതിനോടൊപ്പം കായൽ മണലും ചെളിയും ഡ്രഡ്ജ് ചെയ്ത് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ ഒരു മീറ്റർ വീതിയിൽ ബണ്ട് നിർമ്മിച്ച് സംരക്ഷണ ഭിത്തി ഒരുക്കുന്ന പദ്ധതിക്കും ഭരണാനുമതിയായി.
ഇതോടൊപ്പം കണ്ണങ്കരയിൽ 5 ഏക്കറിൽ കായലിൽ മത്സ്യസങ്കേതം പദ്ധതിക്കും തുടക്കം കുറിക്കും. കണ്ണങ്കര, ചിറയ്ക്കൽ, കളത്തിവെളി, ആറാട്ട്കടവ്, കുട്ടിച്ചിറ,നടകടവിൽ, ചിറക്കൽ, കളത്തിവെളി, ഇത്തിപ്പളളി,മണ്ണേൽ തുടങ്ങിയ സ്ഥലങ്ങളിൽ വള്ളംകുള നിർമ്മാണത്തിനും അംഗീകാരം ലഭിച്ചു. 26ന് രാവിലെ 9ന് തണ്ണീർമുക്കം ബോട്ട്‌ജെട്ടിക്ക് സമീപം അഞ്ച് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധികൾക്ക് തുടക്കമിടുന്നത്.