വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം
മാന്നാർ: ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽപ്പെട്ട തിരുവൻവണ്ടൂർ പഞ്ചായത്തിൽ 9.19 കോടിയുടെ കുടിവെള്ള പദ്ധതി ടെൻഡർ നടപടികളിലേക്ക്. കിഫ്ബി വഴിയാണ് പണം ലഭ്യമാക്കിയത്.
കല്ലിശ്ശേരിയിൽ 15 ലക്ഷം കപ്പാസിറ്റിയുള്ള ഓവർഹെഡ് ടാങ്കുകളും, പമ്പയാറ്റിൽ നിന്ന് 1500 മീറ്റർ പമ്പിംഗ് ലൈനും പദ്ധതിയുടെ ഭാഗമാണ്. നിലവിലുള്ള വിതരണ ലൈൻ കൂടാതെ 17 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ലൈൻ സ്ഥാപിക്കും. കൂടാതെ പമ്പ്സെറ്റ്, പമ്പ്ഹൗസ്, ഹൗസ് കണക്ഷൻ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കും. തിരുവൻവണ്ടൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്രയോജനം ലഭിക്കും. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് പരിഹാരമാവുന്നത്. 2 വർഷം കൊണ്ട് പ്രവർത്തനം പൂർത്തീകരിക്കാനാണ് ശ്രമം.
മാന്നാറിൽ 34.54 കോടിയുടെ വിതരണലൈനും, ചെന്നിത്തല പഞ്ചായത്തിൽ 30.36 രൂപയുടെ ലൈനും സ്ഥാപിക്കാനുള്ള ഭരണാനുമതി ലഭിച്ചു. ആദ്യഘട്ടമായി മാന്നാറിന് 4 കോടിയുടെയും ചെന്നിത്തലയ്ക്ക് മൂന്നരക്കോടിയുടെയും വിതരണ ലൈൻ ടെൻഡർ പൂർത്തീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ള തുകയ്ക്ക് ഈ മാസം അവസാനത്തോടുകൂടി ടെൻഡറിനു നടപടിയായി. ഇത് പൂർത്തീകരിക്കുന്നതോടു കൂടി മാന്നാർ-ചെന്നിത്തല പഞ്ചായത്തുകളിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനാവും.
35,000 കുടുംബങ്ങൾ
ചെങ്ങന്നൂർ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം മുളക്കുഴ നികരുംപുറത്ത് ആരംഭിച്ചു 199.68 കോടി ചെലവഴിച്ച് മുളക്കുഴ, വെണ്മണി, ആല, ചെറിയനാട്, പുലിയൂർ, ബുധനൂർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയെല്ലാം യാഥാർത്ഥ്യമാകുമ്പോൾ ഏകദേശം 35000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. ചെങ്ങന്നൂർ മണ്ഡലത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കുവേണ്ടി 10 പഞ്ചായത്തുകളിലും നഗരസഭയിലുമായി 273.77 കോടിയാണ് ചെലവഴിക്കുന്നത്.