ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് 3 (ഡി) വിഭാഗത്തിലേക്ക് ചേർത്തല എസ്.എൻ കോളേജിൽ ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ അഡ്വക്കേറ്റ് കമ്മിഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ചേർത്തല മുൻസിഫ് കോടതി തള്ളി.

ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെയും അവരുടെ ഐഡി കാർഡുകളുടെയും ഫോട്ടോ എടുക്കാൻ ബൂത്ത് ഏജന്റുമാരെ അനുവദിക്കണമെന്നും ബൂത്തിൽ വോട്ട് ചെയ്യുന്നവരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രത്യേകം പെട്ടികളിലാക്കി സീൽ ചെയ്യണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വോട്ടറും സി.പി.എം ചെത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം.എസ്.അനിൽകുമാർ ഹർജി നൽകിയത്. മത്സരത്തിന് നൽകിയ പത്രിക പിൻവലിച്ചതുമായി ബന്ധപ്പെട്ട സംശയവും ഹർജിയിൽ ഉയർത്തിയിരുന്നു.

ശരിയായ വസ്തുത മറച്ചുവച്ചാണ് അന്യായം ഫയൽ ചെയ്തത്. നോമിനേഷൻ പിൻവലിച്ചത് അംഗങ്ങൾ ആധാർ കാർഡിന്റെ കോപ്പികൾ ഹാജരാക്കിയാണ്. എതിർ പാനലിലെ 23 പേർ പത്രിക പിൻവലിച്ചെന്ന സമ്മതിപത്രം സ്ഥാനാർത്ഥികളുടെ നിർദ്ദേശകനായ പി.എസ്.രാജീവ് കഴിഞ്ഞ 22ന് നൽകി. ഒരു പത്രിക തെറ്റായതിനാൽ തള്ളിയിട്ടുണ്ടെന്നും അതിനാൽ ആകെ 24 പേർ കെട്ടിവച്ച തുകയായ 48,000 രൂപ തിരികെ നൽകണമെന്നു കാട്ടി നിർദ്ദേശകനായ പി.എസ്.രാജീവ് കത്ത് നൽകി തുക കൈപ്പറ്റി. ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് രസീത് നൽകുകയും ചെയ്തു.

പത്രിക പിൻവലിച്ച ഒരു സ്ഥാനാർത്ഥി പോലും കേസ് നൽകിയിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വേണ്ടി ഹാജരായ അഡ്വ.എ.എൻ. രാജൻബാബു വാദിച്ചു. ചീഫ് റിട്ടേണിംഗ് ഓഫീസറും മുൻ ലാ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജിയും ജുഡിഷ്യൽ അക്കാദമി ഡയറക്ടറുമായ അഡ്വ.ബി.ജി.ഹരീന്ദ്രനാഥിനെ നിരീക്ഷണത്തിനായി കമ്മിഷനെ നിയമിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും എതിർ വാദം ഉന്നയിച്ചു. റിട്ടേണിംഗ് ഓഫീസർക്ക് വേണ്ടി അഡ്വ.സി.ജെ.വർഗീസും ട്രസ്റ്റിനു വേണ്ടി അഡ്വ.എ.എൻ.രാജൻ ബാബുവും കോടതിയിൽ ഹാജരായി.