s

 ജലദോഷം, പനി, ത്വക്ക് രോഗങ്ങൾ കുറയുന്നു

ആലപ്പുഴ: മാസ്ക് ശീലമാക്കിയതോടെ ജലദോഷവും പനിയും തുമ്മലും കണ്ണ്, ത്വക്ക് അസുഖങ്ങളും കൊച്ചു കുട്ടി​കളി​ൽ ഉൾപ്പെടെ അകന്നു നി​ൽക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ജില്ലയിൽ ആസ്ത് മ, ത്വക്ക് രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് ആശ്വാസമാകുന്നത്.

ആന്റി ബയോട്ടിക്കുകളുടെ വില്പന 10 ശതമാനമായി കുറഞ്ഞു. കേരളത്തിൽ പ്രതിമാസം 12,000 കോടിയുടെ മരുന്ന് വിൽക്കുന്നതിൽ 35 ശതമാനം ആന്റി ബയോട്ടിക്കുകളാണ്. അമോക്സിസിലിൻ,അസിത്രോമൈസിൻ,മോക്സ് എന്നീ മരുന്നുകളാണ് പ്രധാനം. മെഡിക്കൽ സ്റ്റോറുകളിൽ ഇവ സംഭരിച്ചു വച്ചിരുന്നതിനാൽ പലതും കാലാവധി കഴിയാറായി. മുൻ വർഷങ്ങളിൽ മേയ് മുതൽ ഒക്ടോബർ വരെയാണ് ആന്റി ബയോട്ടിക്കുകളുടെ വില്പന കൂടുതൽ നടന്നിരുന്നത്.

മാസ്കിനൊപ്പം സാമൂഹിക അകലവും കൈകഴുകലും ജീവിതശൈലിയുടെ ഭാഗമായിട്ടുണ്ട്. ഭാവിയിലും മാസ്ക് ഉപയോഗം ശീലമാക്കിയാൽ ഒട്ടേറെ രോഗങ്ങളെ അകറ്റാനും ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനും കഴിയും. പാടശേഖരങ്ങളിൽ കീടനാശിനി തളിക്കുമ്പോൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുന്നത് ത്വക്ക്,വായു രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ കർഷകർക്ക് സാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

..............

 കുട്ടികളിൽ കുറയുന്നു

അദ്ധ്യയനവർഷം ആരംഭിക്കാത്തതിനാൽ കുട്ടികൾക്കിടയിൽ ആസ്ത് മ രോഗത്തിനുള്ള മരുന്നുപയോഗം കുറഞ്ഞു. പൊടിപടലങ്ങൾ മൂലമുണ്ടാകുന്ന അണുബാധ കുറഞ്ഞതാണ് കാരണം. മുതിർന്നവരിൽ അണുബാധ കൂടാതെ പുകവലിയാണ് ശ്വാസകോശസംബന്ധ രോഗത്തിന് ഇടയാക്കുന്നത്. വീട്ടിലിരുന്ന് പുകലിക്കാൻ അസൗകര്യമുള്ളതിനാൽ ഭൂരിഭാഗം പേരും പുകവലി ശീലം കുറച്ചു. ഇതും രോഗികളുടെ എണ്ണത്തെ കുറയ്ക്കുന്നുണ്ട്

............

മാസ്കുകളുടെ ഉപയോഗം മലയാളികളിൽ ദീർഘകാല ശ്വാസതടസ രോഗങ്ങൾ കുറച്ചു. സാംക്രമിക രോഗങ്ങൾ കുറഞ്ഞതോടെ ആന്റിബയോട്ടിക്കുകൾ അധികമാരും ഉപയോഗിക്കുന്നില്ല. ഭാവിയിൽ ഈ രീതി പിന്തുടർന്നാൽ പല രോഗങ്ങളെയും തടയാം

(ഡോ. ഷാജഹാൻ, നെഞ്ച് രോഗവിദഗ്ദ്ധൻ )

..........................

മാസ്കിന് ആവശ്യക്കാർ ഏറിയതോടെ ആന്റിബയോട്ടിക്കുകളുടെ വില്പന കുറഞ്ഞു. ചെറുകിട മരുന്ന് ശാലകളിൽ ആന്റിബയോട്ടികളുടെ കച്ചവടമാണ് കൂടുതൽ നടക്കുന്നത്

(മെഡിക്കൽ സ്റ്റോർ വ്യാപാരികൾ)