കായംകുളം: എൽമെക്സ് വക സ്ഥലത്ത് കായംകുളം നഗരസഭ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാന്റ് നിർമ്മിയ്ക്കുന്നതിന് തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി ലഭിച്ചു. തടസങ്ങൾ നീങ്ങിയതോടെ ഹൈടെക് ബസ് സ്റ്റാൻഡ് നിർമ്മിയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.
ലിങ്ക് റോഡിൽ എൽമെക്‌സ് ഉടമ കെ.ഡി ഗോപാലകൃഷ്ണനിൽ നിന്നുംവില നല്കി വാങ്ങിക്കുന്ന 35 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാന്റ് നിർമ്മിയ്ക്കുന്നത്. ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് 8 മീറ്റർ വീതിയിലുള്ള സൗജന്യ വഴിയവകാശം നല്കുന്നതിന് 30 സെന്റ് സ്ഥലം ഉടമ വിട്ടുനല്കും .

2018 ൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ബസ് സ്റ്റാൻഡിനായി സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിർദ്ദിഷ്ട സ്ഥലത്തിന്റെ വടക്കുഭാഗത്തോടു ചേർന്ന്‌ കരിപ്പുഴ തോട് കടന്നുപോകുന്നതിനാൽ കെട്ടിട നിർമ്മാണത്തിന് തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമായിരുന്നു. അനുമതി കിട്ടുവാൻ താമസം നേരിട്ടതിനാൽ സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വൈകിയിരുന്നു.

2020 ൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം സ്ഥലം വാങ്ങുന്നതിന് ചെങ്ങന്നൂർ ആർ.ഡി.ഒ നിർദ്ദേശിച്ച പ്രകാരം കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ നിശ്ചയിച്ച വാല്യൂവേഷൻ സർട്ടിഫിക്കറ്റ് പ്രകാരം 1 കോടി 96 ലക്ഷം രൂപയാണ് സ്ഥലത്തിന് വില നിശ്ചയിച്ചത്.