വലകളുടെ ലൈസൻസ് നിബന്ധനയിൽ പ്രതിഷേധം
ആലപ്പുഴ: ലൈസൻസില്ലാത്ത മുഴുവൻ ഊന്നി- ചീന വലകളും നീക്കം ചെയ്യാനുള്ള ഫിഷറീസ് വകുപ്പിന്റെ തീരുമാനം ഉൾനാടൻ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കും. ഉടമകൾ മാറ്റിയില്ലെങ്കിൽ അധികൃതർ നേരിട്ടെത്തി നീക്കം ചെയ്ത ശേഷം പിഴ ഈടാക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം ഊന്നി-ചീനവലകൾ ഉള്ളത് ജില്ലയിലാണ്. 30,000ൽ അധികം തൊഴിലാളികളാണ് വേമ്പനാട്ട് , കായംകുളം കായലുകളിൽ ഈ വലകൾ ഉപയോഗിക്കുന്നത്. ലൈസൻസ് വരുന്നതോടെ, പരമ്പരാഗതമായി വലകൾ സ്ഥാപിച്ചിരുന്ന പാട്ടസ്ഥലത്ത് തൊഴിലാളികളുടെ അവകാശം നഷ്ടപ്പെടാം. ആറ് മാസത്തിനുള്ളിൽ ലൈസൻസ് നേടുകയോ പുതുക്കുകയോ ചെയ്യണം. മുമ്പ് വർഷം 125 രൂപ അടച്ചാൽ മതിയായിരുന്നു. പിന്നീട് നിരക്കുകൾ 250, 300, 500 എന്നിങ്ങനെ സ്ളാബുകളിലായി. ഇനിയങ്ങോട്ട് വലിയ തുക അടയ്ക്കേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതോടൊപ്പം, ആർക്കും സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടച്ച് വലകൾ സ്ഥാപിക്കാം
അനധികൃത ചീനവലക്കാർക്ക് 2019ൽ നോട്ടീസ് നൽകിയെങ്കിലും ആരും പൊളിച്ചില്ല. അരൂക്കുറ്റി മുതൽ പുന്നമടവരെയും കായംകുളം കായലിലും ഈ കാലയളവിൽ ചീനവലകൾ പെരുകി. ലൈസൻസ് സമ്പ്രദായം പരമ്പരാഗതമായി വലകൾ ഉപയോഗിക്കുന്നവർക്ക് ദോഷകരമല്ലെന്നാണ് വകുപ്പിന്റെ നിലപാട്.
നഷ്ടപരിഹാരം കുറവ്
ദേശീയ ജലപാതയ്ക്കുവേണ്ടി ഉൾനാടൻ ജലാശയങ്ങളിലെ 620 ഊന്നിവലകളും ചീനവലകളും നീക്കം ചെയ്തപ്പോൾ ലൈസൻസുള്ളവയ്ക്ക് 2.5 ലക്ഷവും മറ്റുള്ളവർക്ക് 1.25 ലക്ഷവുമാണ് ലഭിച്ചത്. എന്നാൽ ലൈസൻസിന്റെ പേരിൽ നഷ്ടപരിഹാരം നൽകാതെയാണ് വലകൾ നീക്കാൻ ശ്രമിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഭേദഗതി നിർദ്ദേശങ്ങൾ
രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ ചീനവലകൾ, ഊന്നി വലകൾ പാടില്ല
പ്രത്യേക രീതിയിലോ, കണ്ണിവലിപ്പം ഉള്ളതോ ആയ വലകൾ പാടില്ല
3.4 മീറ്ററിൽ കൂടുതൽ വായ് വട്ടമുള്ള ഊന്നിവല അനുവദിക്കില്ല
മത്സ്യസംരക്ഷിത പ്രദേശങ്ങളിലും മത്സ്യസങ്കേതങ്ങലും മത്സ്യബന്ധനം പാടില്ല
പൊതുജലാശയങ്ങളിൽ 50 ശതമാനത്തിൽ കൂടുതൽ ഭാഗം തടസപ്പെടുത്തരുത്
ഒരാൾ ഒരു ദിവസം 200 കിലോഗ്രാമിൽ കൂടുതൽ കക്ക ശേഖരിക്കരുത്
അഴിമുഖത്തുനിന്നും കായൽ ഭാഗത്തേക്ക് 1 കിലോമീറ്റർ വരെ ഊന്നിവല പാടില്ല
..........................
ഉൾനാടൻ ജലാശയങ്ങളിലെ തൊള്ളായിരത്തോളം ഊന്നി - ചീന വലകൾക്ക് ലൈസൻസില്ല എന്ന പേരിൽ നീക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ തീരിമാനം പുനപരിശോധിക്കണം. നഷ്ടപരിഹാരം നൽകാതെയാണ് പൊളിക്കാൻ ശ്രമിക്കുന്നത്.
വി.ദിനകരൻ, ജനറൽ സെക്രട്ടറി,ധീവരസഭ
പരമ്പരാഗതമായി തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കണം. സർവേയിൽ അനധികൃതമെന്ന് കണ്ടെത്തിയതിന്റെ പേരിൽ അർഹരായവരെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണം
ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി, സി.പി.ഐ
തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണം.എടുത്തുചാടിയുള്ള തീരമാനമല്ല വേണ്ടത്. അനർഹരെ ഒഴിവാക്കാൻ വീണ്ടും സർവേനടത്തണം
എ.കെ.ബേബി, വർക്കിംഗ് പ്രസിഡന്റ്, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്