photo

ആലപ്പുഴ: നെഹ്രുടോഫി വാർഡിൽ പ്രവർത്തിക്കുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ വികസന സമിതി യോഗത്തിനെത്തിയ വനിതാ കൗൺസിലർ വള്ളത്തിൽ നിന്നിറങ്ങവേ കാൽ വഴുതി ആറ്റിൽ വീണു. കടത്തുകാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് കൗൺസിലറെ രക്ഷിച്ചത്.

കിടങ്ങാംപറമ്പ് വാർഡ് കൗൺസിലർ ഐ.ലതയെ ആണ് കടത്തുകാരനായ നെഹ്രുട്രോഫി വാർഡ് വലിയപറമ്പ് വീട്ടിൽ സുകേഷ് രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വികസനസമിതി യോഗത്തിൽ പങ്കെടുക്കാൻ ആദ്യം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖും സുകേഷിന്റെ വള്ളത്തിൽ എത്തി. നെഹ്രുട്രോഫി വാർഡ് കൗൺസിലർ സലിംകുമാർ, കൗൺസിലർമാരായ പ്രഭാ വിജയൻ, ഷീബ, ഡോ. പൊന്നമ്പിളി എന്നിവരും ആശിപത്രിയിൽ എത്തിയിരുന്നു. ചെയർമാന്റെ അദ്ധ്യക്ഷതയിൽ വികസന സമിതി യോഗം ആരംഭിച്ചു. ഈ സമയം മറ്റോരു വള്ളത്തിൽ ലത ആശുപത്രിക്ക് സമീപത്തെ കടവിലെത്തി. കരയിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരുകാൽ കരയിലും മറുകാൽ വള്ളത്തിലുമായി. ബാലൻസ് തെറ്റിയ ലത വെള്ളത്തിലേക്കു വീണു. ഈ സമയം കടത്ത് കടവിലുണ്ടായിരുന്ന സുകേഷ് ആറ്റിലേക്കു ചാടി ലതയെ പിടിച്ച് കരയ്ക്കടുപ്പിച്ചു. ഓടിയെത്തിയ ചെയർമാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ലതയെ കരയിലേക്കു കയറ്റി. സുകേഷിന്റെ സമയോചിത ഇടപെടലാണ് ലതയുടെ ജീവൻ രക്ഷിച്ചതെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.