ആലപ്പുഴ: ഒക്ടോബർ നാലിന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്ന പരീക്ഷാർത്ഥികളുടെ സൗകര്യാർത്ഥം അന്നേ ദിവസം രാവിലെ ആലപ്പുഴയിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് ബോണ്ട് സർവീസ് ഗണത്തിൽപ്പെടുത്തി എൻഡ് ടു എൻഡ് സർവീസുകൾ ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നു. നിശ്ചിത എണ്ണം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ സർവീസ് ഓപ്പറേറ്റ് ചെയ്യാൻ സാധിക്കും. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് രാവിലെ പോകുന്ന അതേ ബസ്സിൽ തിരികെ വരാനും കഴിയും. എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലെ പ്രധാന സ്റ്റോപ്പുകളിൽ പിക്ക് അപ്പ് പോയിൻ്റും അനുവദിക്കും . ബുക്ക് ചെയ്യുന്ന സമയം കയറാൻ ഉദ്ദേശിക്കുന്ന സ്ഥലം യാത്രക്കാർ പ്രത്യേകം നൽകേണ്ടതാണ്. ഇത് കണക്കാക്കിയാകും സർവീസിന്റെ സമയക്രമം തയാറാക്കുക. നിലവിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കിയിട്ടില്ല . എങ്കിലും ഒരു നിശ്ചിത എണ്ണം അന്വേഷണങ്ങൾ ലഭിക്കുന്ന പക്ഷം മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാൻ സൗകര്യം ആലപ്പുഴ ഡിപ്പോയിൽ ഒരുക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400203766, 9495099905 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.