ചേർത്തല:ബിടെക് വിദ്യാർത്ഥിയായ 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ മുടങ്ങിയെന്ന് ആക്ഷേപം. കൊവിഡ് പരിശോധനകളും പൊലീസ് നടപടികളും പൂർത്തിയാക്കി നിശ്ചിത സമയത്തിന് മുമ്പ് രേഖകൾ കൈമാറിയെങ്കിലും താലൂക്ക് ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കില്ലെന്നാണ്പരാതി. ഇന്ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് തണ്ണീർമുക്കം വാരണം പോത്തംവെളി ഷാജി-ആശ ദമ്പതികളുടെ മകൾ ആതിരയെ (22) വീട്ടിൽ കെട്ടിത്തൂങ്ങിയത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മോർച്ചറിയിലേക്കു മാറ്റി.കൊവിഡ് ടെസ്റ്റ് നടത്തി ശനിയാഴ്ച ഉച്ചയോടെ ഫലം കൈമാറി.വൈകിട്ട് 3.45 ഓടെ പൊലീസ് ഇൻക്വസ്റ്റും പൂർത്തിയാക്കി രേഖകൾ എത്തിച്ചെങ്കിലും പോസ്റ്റ് മോർട്ടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കൈപ്പറ്റിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.ആരോഗ്യ മന്ത്രിയുടെയും മന്ത്രി പി.തിലോത്തമന്റെയും കളക്ടറുടെയും ഇടപെടൽ മൂലമാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്.
ആശുപത്രി അധികൃതർ കാട്ടിയ ആലംഭാവമാണ് പോസ്റ്റ്മോർട്ടം വൈകിച്ചത്.സംസ്കാര ചടങ്ങ് ശനിയാഴ്ച വൈകിട്ട് 5ന് തീരുമാനിച്ചിരുന്നതാണ്. ഇതിൽ പങ്കെടുക്കാൻ കുട്ടിയുടെ ബന്ധുക്കളും എത്തിയിരുന്നു. പഠനത്തോടൊപ്പം ചേർത്തലയിലെ കടയിൽ സെയിൽസ് ഗേളായും ആതിര ജോലി ചെയ്തിരുന്നു.
........................
പൊലീസ് നടപടികൾ വൈകിയതിനാലാണ് പോസ്റ്റ്മോർട്ടം മുടങ്ങിയത്. പകൽ വെളിച്ചത്തിലാണ് പോസ്റ്റ് മോർട്ടം നടത്തേണ്ടത്.ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടില്ല
ഡോ.ആർ.അനിൽകുമാർ, സൂപ്രണ്ട്