ചേർത്തല: ചായക്കട നടത്തുന്ന വയോധികന്റെ സ്വർണ മാല അപഹരിച്ച കേസിലെ രണ്ട് പേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പുത്തൻപറമ്പിൽ വിഷ്ണു (23), ചെറുതന ദേവസ്വംതുരുത്തിൽ അമൽ രഘുനാഥ് (22) എന്നിവരെയാണ് സി.ഐ പി.ശ്രീകുമാർ, എസ്.ഐ എം. ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ചെങ്ങണ്ട പാലത്തിന് സമീപം കട നടത്തുന്ന തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ സീമ ഭവനിൽ നടരാജന്റെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ 17 നായിരുന്നു സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്താണ് രാവിലെ കടയിലെത്തിയ പ്രതികൾ മാല പൊട്ടിച്ചത്. അഞ്ച് പവന്റെ മാല അപഹരിക്കാനാണ് ശ്രമിച്ചതെങ്കിലും നടരാജൻ പ്രതിരോധിച്ചതോടെ കൈയിൽ കിട്ടിയ ഒന്നേമുക്കാൽ പവനോളം വരുന്ന മാലയുടെ ഭാഗവുമായി ഇവർ കടക്കുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ പുത്തനങ്ങാടി സ്വദേശികളായ സിബി, ശിവപ്രസാദ് എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.