plate

 അതിസുരക്ഷ നമ്പർ പ്ളേറ്റ് വിതരണം അവതാളത്തിൽ

ആലപ്പുഴ: വാഹന ഡീലർമാർ അതിസുരക്ഷ നമ്പർപ്ളേറ്റ് നൽകാൻ വൈകുന്നതിനാൽ ഭൂരിഭാഗം ഉടമകൾക്കും ആർ.സി ബുക്ക് ലഭിക്കുന്നില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴികേൾക്കേണ്ട അവസ്ഥയിലാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ.

2019 ഏപ്രിൽ ഒന്നുമുതൽ നിർമ്മിച്ച വാഹനങ്ങൾക്കാണ് കേന്ദ്ര സർക്കാർ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. പുതിയ നിയമപ്രകാരം ഈ നമ്പർ പ്ലേറ്റ് വാഹനത്തിന്റെ ഭാഗമാണ്. രജിസ്‌ട്രേഷൻ നമ്പർ കിട്ടിയശേഷം അതിസുരക്ഷാ നമ്പർ പ്ലേറ്റിലെ വിവരങ്ങൾ കൂടി നൽകിയാൽ മാത്രമേ ആർ.സി പ്രിന്റെടുക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുകയുള്ളു. വാഹനം രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡീലർ ഈ നമ്പർ പ്ലേറ്റ് നൽകണമെന്നാണ് നിയമം. നമ്പർ പ്ലേറ്റുകൾ കൊവിഡിൽ കുരുങ്ങിയതോടെ ഡീലർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി.

രണ്ടാഴ്ചയ്ക്കുള്ളിലാണ് ഡീലർമാർ നമ്പർ പ്ലേറ്റ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. മുൻ വർഷങ്ങളിൽ വാഹനം വാങ്ങിയവർക്ക് ഈ നിയമം ബാധകമല്ല. മോഷ്ടിക്കപ്പെട്ടാൽ വേഗം കണ്ടെത്താൻ കൂടിയാണ് അതിസുരക്ഷ നമ്പർപ്ലേറ്റുകൾ കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസർ പതിച്ച നമ്പരുമുള്ള പ്ലേറ്റുകൾ ഇളക്കി മാറ്റുന്നത് ബുദ്ധിമുട്ടാണ്. വാഹനനിർമ്മാതാക്കൾ ഡീലർമാർ വഴിയാണ് നമ്പർ പ്ലേറ്റുകൾ നൽകേണ്ടത്. അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമ്മിക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാകോഡ് 'വാഹൻ' വെബ്‌സൈറ്റിൽ ഉൾക്കൊള്ളിക്കണം. വാഹന ഡീലറാണ് ഈ നമ്പർ വെബ്‌സൈറ്റിൽ നൽകേണ്ടത്. ഇതിനുശേഷമേ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ആർ.സി പ്രിന്റ് എടുക്കാനാകൂ.

.................................

 സ്റ്റിക്കറാണ് താരം

നമ്പർ പ്ലേറ്റ് നിർമ്മിക്കാൻ അംഗീകാരമുള്ള സ്ഥാപനത്തെ വാഹന നിർമ്മാതാവിനു സമീപിക്കാം. രജിസ്‌ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തു പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഗ്ലാസ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃത സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.

...................................

 സ്ക്രൂ ഇല്ല

സാധാരണ നമ്പർ പ്ലേറ്റുകൾ സ്‌ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കുന്നത്. പുതിയ പ്ലേറ്റുകളിൽ റിവെറ്റാണ് തറയ്ക്കുന്നത്. ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. വാഹനത്തിന്റെ കൃത്യമായ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമല്ല.

.........................

കൊവിഡ് കാലത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റിന്റെ വിവരങ്ങൾ നൽകാൻ വാഹന ഡീലർമാരുടെ ഭാഗത്തുണ്ടായ താമസം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണത്തെ ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിച്ചു തുടങ്ങി. രജിസ്‌ട്രേഷൻ നമ്പർ അടക്കം ലഭ്യമായാലും നമ്പർ പ്ലേറ്റിന്റെ വിവരങ്ങൾ വാഹൻ സൈറ്റിൽ നൽകിയാൽ മാത്രമേ ആർ.സി പ്രിന്റെടുക്കാൻ കഴിയുകയുള്ളൂ

(മോട്ടാർവാഹന വകുപ്പ് അധികൃതർ)