photo

 സ്ഥാപിച്ചത് സ്രാങ്ക് അസോസിയേഷൻ

ആലപ്പുഴ: കുട്ടനാട് മേലയിലെ ജലപാതയിൽ വളവുകൾ കൂടുതലുള്ളതിനാൽ ട്രാഫിക് മിറർ സ്ഥാപിക്കണമെന്ന ആവശ്യം ജലസേചന വകുപ്പ് അവഗണിച്ചതോടെ ജലഗതാഗത വകുപ്പ് സ്രാങ്ക് അസോസിയേഷൻ നേതൃത്വത്തിൽ കൈനകരിയിൽ മിറർ സ്ഥാപിച്ചു.

ആലപ്പുഴ, നെടുമുടി, കാവാലം, പുളിങ്കുന്ന് സ്റ്റേഷനുകളിലെ സർവീസ് ബോട്ടുകളെല്ലാം വേണാട്ടുകാട് ചാലേച്ചിറ വഴിയാണ് സർവീസ് നടത്തുന്നത്. റൂട്ടിലെ ചാലേച്ചിറ കൊടുംവളവിൽ എതിരെ വരുന്ന ബോട്ടുകൾ പരസ്പരം കാണാൻ സാധിക്കി​ല്ല. പലപ്പോഴും തലനാരി​ഴയ്ക്കാണ് അപകടങ്ങൾ ഒഴി​വാകുന്നത്. കുട്ടനാട്ടിലെ കൂടുതൽ യാത്രക്കാരും ആശ്രയിക്കുന്നത് ജലഗതാഗതമാണ്. കൊടുംവളവിൽ എത്തുന്ന ബോട്ടുകൾ പരസ്പരം ഇടിച്ച് അപകടം ഒഴി​വാക്കാനാണ് ഏഴായിരത്തിലധികം രൂപ ചെലവഴി​ച്ച് മിറർ സ്ഥാപിച്ചത്. മൂന്നു ബോട്ടുകളുടെ അകലത്തിൽ എതിരെ വരുന്ന ബോട്ടിനെ കാണാൻ സാധിക്കും.

വേണാട്ട്കാട് ചാലേച്ചിറ വളവിലാണ് ട്രാഫിക്ക് മിറർ സ്ഥാപിച്ചത്. പ്രയോജനം മറ്റ് ജലയാനങ്ങൾക്കും ലഭിക്കും. ചരിത്രത്തിൽ തന്നെ ആദ്യമാണ് ജലപാതയിലെ ട്രാഫിക്ക് മിറർ സ്ഥാപിക്കുന്നത്. ഇതോടൊപ്പം രാത്രികാലങ്ങളിൽ ബോട്ട് ജെട്ടികൾ തിരിച്ചറിയാൻ എല്ലാ ജെട്ടികളിലും റിഫ്‌ളക്ടർ സ്ഥാപിച്ചു. ട്രാഫിക്ക് മിററിന്റെ ഉദ്ഘാടനം കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ബീനാ വിനോദ് നിർവഹിച്ചു. ജലഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ഷഹീർ, സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.ടി.ആദർശ്, സംസ്ഥാന കമ്മി​റ്റി അംഗം സി.എം.സുമേഷ്, നെടുമുടി യൂണി​റ്റ് ട്രഷറർ വി.സാനു, പുളിങ്കുന്ന് യൂണി​റ്റ് പ്രസിഡന്റ് ഡി.പ്രവീൺദാസ്, ജീവനക്കാരായ മനു, ആര്യാട് രതീഷ് തുടങ്ങി​യവർ പങ്കെടുത്തു.

...............................

അപകട രഹിത യാത്രയ്ക്ക് ട്രാഫിക് മിറർ സ്ഥാപിച്ചത് സ്വാഗതാർഹം. ബോട്ട് സർവീസ് മാത്രമാണ് ജലഗതാഗത വകുപ്പിനുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചുമതല ഇറിഗേഷൻ വകുപ്പിനാണ്. ജലപാതയിൽ അപകടമുണ്ടാകാൻ സാദ്ധ്യതയുള്ള കൊടും വളവുകളിൽ ട്രാഫിക് മിറർ സ്ഥാപിക്കാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടും

ഷാജി വി.നായർ, ഡയറക്ടർ, ജലഗതാഗതവകുപ്പ്