vellapally

ചേർത്തല: എസ്.എൻ ട്രസ്​റ്റിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വെള്ളാപ്പള്ളി പാനലിന് വൻ വിജയം. ഈ പാനലിനെതിരെ മത്സരിച്ച 92 സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി..

ചേർത്തല എസ്.എൻ കോളേജിൽ നടന്ന 3 (ഡി) വിഭാഗം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്ന് 224 പേരും എതിർ പക്ഷത്ത് നിന്ന് 92 പേരുമാണ് മത്സരിച്ചത്.താക്കോൽ ചിഹ്നത്തിലായിരുന്നു ഔദ്യോഗിക പാനൽ മത്സരിച്ചത്. എതിർ സ്ഥാനാർത്ഥികൾക്ക് പൊതു ചിഹ്നമുണ്ടായിരുന്നില്ല. ആകെയുള്ള 2240 വോട്ടർമാരിൽ 1350 പേർ വോട്ട് ചെയ്തു.12 വോട്ടുകൾ അസാധുവായി. ഒൗദ്യോഗിക പാനലിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് 1269 വോട്ടുവരെ നേടാനായി.കുറഞ്ഞ വോട്ട് 1171 ആണ്.രണ്ട് പേർ ഒഴികെയുള്ള എല്ലാ സ്ഥാനാർത്ഥികൾക്കും 1200ന് മേൽ വോട്ട് ലഭിച്ചു.എതിർ പക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ച കൂടിയ വോട്ട് 63ഉം കുറഞ്ഞത് 53ഉം ആണ്. ഔദ്യോഗിക പാനലിനെതിരെ 92 പേർ മത്സരിച്ചെങ്കിലും അവരുടെ മുഴുവൻ വോട്ടുകൾ പോലും നേടാൻ എതിരാളികൾക്കായില്ല.

വിമത പക്ഷത്തിന് നേതൃത്വം നൽകിയ പി.എസ്.രാജീവിന് 58 വോട്ടും സി.പി.എം ചെത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്.അനിലിന് 62 വോട്ടുമാണ് നേടാനായത്.ഔദ്യോഗിക പാനലിൽ മത്സരിച്ച സി.പി.എം പ്രതിനിധിയായ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് 1239 വോട്ട് നേടി. മുൻ ലാ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജുമായ അഡ്വ.ബി.ജി.ഹരീന്ദ്രനാഥായിരുന്നു ചീഫ് റിട്ടേണിംഗ് ഓഫീസർ

. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വെളളാപ്പളളി പാനൽ വൻ വിജയം നേടിയിരുന്നു.ആകെ പത്ത് മേഖലകളിൽ എട്ടിടത്തും എതിരുണ്ടായില്ല. മത്സരം നടന്ന കൊല്ലത്തും ചേർത്തലയിലും എല്ലാ സീ​റ്റും നേടി.ഇരു സ്ഥലങ്ങളിലും എതിർ കക്ഷികൾക്ക് കെട്ടിവച്ച പണം നഷ്ടമായി. അടുത്തമാസം 7നാണ് 3 (ഐ) വിഭാഗത്തിൽ തിരഞ്ഞെടുപ്പ്. എട്ടിന് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും.

തെറ്റുതിരുത്തി മുഖ്യധാരയിൽ

എത്തണം:വെള്ളാപ്പള്ളി

മരണമടഞ്ഞവരെ ഉൾപ്പെടെ മാർക്കറ്റ് ചെയ്തും നിരന്തരം കേസുകൾ കൊടുത്തും വ്യക്തിപരമായി അധിക്ഷേപിച്ചും എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് ഔദ്യോഗിക പാനലിന്റെ ഉജ്ജ്വല വിജയമെന്ന് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തുടക്കം മുതൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്.എന്നാൽ കോടതിയും ജനകീയ കോടതിയും ഇവരുടെ നീക്കങ്ങളെ തൂത്തെറിഞ്ഞു.ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മത്സരിച്ചവരാരും ഇത്ര ദയനീയമായി പരാജയപ്പെട്ടിട്ടില്ല.കൊവിഡ് കാലത്തും മുൻ വർഷങ്ങളേക്കാൾ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഔദ്യോഗിക നേതൃത്വത്തോട് വോട്ടർമാക്കുള്ള വിശ്വാസമാണ് പ്രകടമാക്കുന്നത്.തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വിമർശകർക്ക് യാഥാർത്ഥ്യം മനസിലായി.രൂക്ഷ വിമർശനം ഉയർത്തിയവരുൾപ്പെടെ ആരോടും പരിഭവമില്ല.തെറ്റിദ്ധാരണയുടെ പേരിൽ ഔദ്യോഗിക പാനലിനെതിരെ മത്സരത്തിനെത്തിയവരും മറ്റുള്ളവരും സ്വയം തെറ്റ് തിരുത്തി മുഖ്യധാരയിലേക്കു വരണം.സംഘടന ഇത്രയേറെ പ്രതിസന്ധി നേരിട്ട കാലഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല.ഒന്നിച്ചു നിന്നാൽ നന്നാകുമെന്ന യാഥാർത്ഥ്യം എല്ലാവരും മനസിലാക്കണം. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.