ആലപ്പുഴ: ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ബീമുകളുടെ നിർമ്മണം അടുത്ത മാസം 15ന് തുടങ്ങും. നിലവിലെ പാലത്തിന്റെ ഇരുകരകളിലെയും പൈലിംഗ് ക്യാപ്പിന്റെ ജോലികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തികരിക്കും. പ്രധാന പാലത്തിന് ഒൻപതും നടപ്പാതക്ക് അഞ്ചും ബീമുകളാണ് നിർമ്മിക്കേണ്ടത്. ഒന്നരമാസത്തിനുള്ളിൽ ബീമുകളുടെ പണിപൂർത്തികരിക്കാനാണ് ലക്ഷ്യം.ഡിസംബറിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ബീമുകളുടെ പണിപൂർത്തികരിച്ചതിന് ശേഷം കൊമ്മാടിപാലത്തിന്റെ നിർമ്മാണവും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റ് ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. കൊമ്മാടി പാലത്തിന്റെ അന്തിമ പ്‌ളാൻ അനുമതിക്കായി സമർപ്പിച്ചു.പാലത്തിന് എട്ടുപൈലുകളും അപ്രോച്ച് റോഡിന് നാലു പൈലുകളുമാണ് നിർമ്മിക്കുന്നത്. 26 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്. കൊമ്മാടിയിൽ നിലവിലെ പാലം പൊളിച്ചു പണിയാൻ 28.45 കോടിയുടേതാണ് പദ്ധതി. ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പുതിയ പാലത്തിന്റെ പദ്ധതി തയ്യാറാക്കിയത്.

 നിർമ്മാണം വേഗത്തിൽ

ഡിസംബറിൽ ആരംഭിച്ച നിർമ്മാണം കൊവിഡിനെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്നു. ലോക്ക്ഡൗണിൽ ഇളവ് വന്നതിനെ തുടർന്നാണ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. പാലത്തിന്റെ വടക്കേ കരയിൽ പൈലിംഗ് ജോലികൾ അല്പം വൈകി. ഈ ഭാഗത്ത് മണ്ണിനടിയിൽ കിടക്കുന്ന വൈദ്യുതി കേബിൾ നീക്കം ചെയ്യാനുണ്ടായ കാലതാമസമായിരുന്നു കാരണം. മറ്റ് തടസങ്ങളൊന്നും ഇല്ലെങ്കിൽ ഡിസംബറിൽ ശവക്കോട്ടപ്പാലം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

ശവക്കോട്ടപ്പാലം

 നിർമാണ ചെലവ് 28.45 കോടി

 26 മീറ്റർ നീളം, 12 മീറ്റർ വീതി

പാലത്തിന് ഏറ്റെടുക്കുന്ന സ്ഥലം : 24.14 സെന്റ്

.