അമ്പലപ്പുഴ: മുൻകൂർ അനുമതിയില്ലാതെ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് നടത്തിയതിന് സംഘാടകർക്കെതിരെ കേസ്. ആലപ്പുഴ വലിയകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഡ് ഫോഴ്‌സ് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.

സർക്കാർ അംഗീകൃത സ്ഥാപനമാണെങ്കിലും കളക്ടറുടെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് ഞായറാഴ്ച രാവിലെ പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്ര മൈതാനിയിൽ റിക്രൂട്ട്മെന്റ് നടത്തിയത്.കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളുകളെ പങ്കെടുപ്പിച്ചതിനും മുൻകൂർ അനുമതി വാങ്ങാത്തതിനുമെതിരെ സംഘടനയിലെ 15 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. മുൻകൂർ അനുമതി വാങ്ങാതെ മൈതാനം വിട്ടുനൽകിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.