ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് തൃക്കുന്നപ്പുഴ സ്വദേശിനി കീർത്തി പ്രസന്നൻ. ബിടെക് ബിരുദധാരിയായ കീർത്തിക്ക് സന്നദ്ധപ്രവർത്തക എന്നറിയപ്പെടാനാണ് ഏറെയിഷ്ടം.
പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിലെ 12 പേരിൽ ഒരാളാണ് കീർത്തി. ടീമിലെ ഏക വനിതാ അംഗം. കൊവിഡ് രോഗികളുടെ വീട് അണുമുക്തമാക്കാനും നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണമെത്തിക്കാനും രോഗബാധിതരുടെ വീടുകളിലെ കന്നുകാലികളെ പരിപാലിക്കാനും വരെ കീർത്തിയും ടീമംഗങ്ങളും മുൻപന്തിയിലുണ്ട്. ദീർഘനേരം പി.പി.ഇ കിറ്റ് ധരിച്ചാണ് സന്നദ്ധ പ്രവർത്തനങ്ങളത്രയും. ലോക്ക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലൂടെയാണ് കീർത്തി കൊവിഡ് പ്രതിരോധ രംഗത്തിറങ്ങിയത്. പഠനകാലത്ത് സ്‌കൗട്ടിലും എൻ.എസ്.എസിലും പ്രവർത്തിച്ച പരിചയവുമുണ്ട്. പിന്നീട് പഞ്ചായത്ത് പരിധി കേന്ദ്രീകരിച്ച് തുടങ്ങിയ ആർ.ആർ.ടിയിൽ അംഗമായി. പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുമുണ്ട്.
കീർത്തിയുടെ പാത പിന്തുടർന്ന് നിരവധി വനിതകൾ ഇപ്പോൾ സന്നദ്ധ പ്രവർത്തന രംഗത്ത് വരുന്നുണ്ട്. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറായി പഞ്ചായത്തിനെയും ആർ.ആർ.ടിയെയും സമീപിച്ചിരിക്കുകയാണ്.