 വീടുകളിലും മരുന്ന് എത്തിക്കും

ആലപ്പുഴ: ജീവിതശൈലീരോഗങ്ങൾ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആശ പ്രവർത്തകരും പങ്കാളികളാവുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആരോഗ്യ ഉപകേന്ദ്രങ്ങൾ വഴിയും ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്ന് വിതരണം പുനരാരംഭിച്ചു.

കൊവിഡ് ഭീഷണി മൂലം, 60 വയസിന് മുകളിലുള്ളവർക്ക് ആശാപ്രവർത്തകർ വീടുകളിലെത്തിയാണ് മരുന്ന് കൈമാറുന്നത്. കൊവിഡ് വ്യാപനം മൂലം ജീവിതശൈല രോഗനിർണയ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്. ആരോഗ്യ -ഉപകേന്ദ്രങ്ങളിലെ ജീവിതശൈലി ക്ലിനിക്കുകളിൽ എത്താൻ വയോധികർ മടിക്കുന്നതിനാൽ പ്രവർത്തനം മന്ദീഭവിച്ചു. ഇതുവഴി പലർക്കും രോഗം മൂർച്ഛിരുന്നു.ആശുപത്രിയിൽ എത്തിയ രോഗികൾ ഇതര രോഗികൾക്കൊപ്പം ക്യൂ നിന്നത് രോഗവ്യാപന ഭീഷണിക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് വയോധികൾക്ക് ആശാ പ്രവർത്തകർ മരുന്നുകൾ എത്തിച്ച് നൽകുന്നത്.

ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലിനിക്കുകളിൽ രക്തസമ്മർദം,കൊളസ്ട്രോൾ പ്രമേഹം തുടങ്ങിയവയുടെ പരിശോധനയും നടക്കും. പ്രാഥമിക ക്ലിനിക്കുകളിൽ ആഴ്ചയിൽ രണ്ട് ദിവസം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

.........................

 ഒരു വാർഡിൽ ഒരാൾ

ഒരു വാർഡിൽ ഒരു ആശ പ്രവർത്തക എന്ന രീതിയിലാണ് നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തെ മരുന്ന് എത്തിക്കുന്നതിനോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ പരിശോധിക്കും. അസുഖം ഉയർന്നു നിന്നാൽ ഡോക്ടർക്ക് റിപ്പോർട്ട് നൽകും. കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് സേവനവും ലഭ്യമാക്കും.

..............................

ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന 60 വയസിന് മുകളിലുള്ളവർക്ക് മുടക്കം കൂടാതെ മരുന്നുകൾ എത്തിക്കുന്നുണ്ട്. മരുന്നും പരിശോധനയ്ക്കൊപ്പം കൃത്യമായ മാർഗനിർദ്ദേശവും നൽകുന്നുണ്ട്.

(കോമളം, ആശപ്രവർത്തക)