s

 എങ്ങുമെത്താതെ പെൻഷനുവേണ്ടിയുള്ള പോരാട്ടം

ആലപ്പുഴ: വർഷങ്ങളോളം രാജ്യത്തിനുവേണ്ടി സേവനം ചെയ്തു വിരമിച്ച അതിർത്തിരക്ഷാസേന (ബി​.എസ്.എഫ്) ജവാൻമാരി​ൽ ഒരു വി​ഭാഗം, ആനുകൂല്യങ്ങൾക്കു വേണ്ടി​ അധി​കൃതരുമായുള്ള യുദ്ധത്തിലാണ്. പ്രതിമാസം ലഭിക്കേണ്ടിയിരുന്ന 12,000 രൂപയാണ് മേധാവികളിൽ ചിലരുടെ പിടിവാശി മൂലം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതെന്ന് ഇവർ പറയുന്നു.

റൂൾ 19 പ്രകാരം 1995- 99 കാലഘട്ടത്തിൽ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ച 120 പേരെയാണ് തഴഞ്ഞിട്ടിരിക്കുന്നത്.

പത്ത് വർഷത്തിലധികം സർവീസുള്ളവർക്ക് വേണമെങ്കിൽ സ്വയം പിരിയാം എന്നൊരു റൂൾ ഇക്കാലത്ത് വന്നിരുന്നു. ഇതു പാലി​ച്ചവരാണ് വലയുന്നത്. കാർഗിൽ യുദ്ധമടക്കം തീവ്രവാദി ആക്രമണങ്ങൾ ഏറെ നടന്നിരുന്ന അക്കാലത്ത് ജോലി കഠിനമാണെന്ന് എഴുതി നൽകിയാണ് പലരും സർവീസ് അവസാനിപ്പിച്ചത്. പിരിഞ്ഞു രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കാതായതോടെ ചിലർ കോടതിയെ സമീപിച്ചിരുന്നു. ഇവരിൽ ചിലരെ കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ തിരിച്ചു വിളിച്ചു. എന്നാൽ ടി.എ, ഡി.എ അടക്കം ശമ്പളം ലഭി​ക്കാതെ വന്നതോടെ കള്ളവണ്ടി കയറി നാട്ടിലെത്തിയവരും ഇവരുടെ കൂട്ടത്തിലുണ്ട്.

ഇതി​നകം നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും, വകുപ്പ് കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നതിനാൽ കാര്യമായ ഇടപെടൽ നടത്താൻ പരാതിക്കാർക്ക് സാധിച്ചിട്ടില്ല. പെൻഷൻ ലഭിക്കാത്ത ജവാൻമാർ രാജ്യത്ത് 635 പേരുണ്ടെന്നാണ് ഇവരുടെ കൈവശമുള്ള അനൗദ്യോഗിക കണക്ക്. ആലപ്പുഴ ജില്ലയിൽ 20 പേരുണ്ടെന്നും സെൻട്രൽ ആമ്ഡ് പൊലീസ് ഫോഴ്സസ് എക്സ്- സർവീസ് മെൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പലരും സെക്യൂരിറ്റി ജോലിയടക്കം ചെയ്താണ് കുടുംബം പുലർത്തുന്നത്.

................................

പെൻഷൻ ലഭിക്കാത്തത് സംബന്ധിച്ച് പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. ആ സമയത്താണ് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാനായി തിരിച്ചുവിളിച്ചത്. കേസ് പിൻവലിച്ചാൽ ഗ്രാറ്റുവിറ്റിയും പി.എഫും പെൻഷനും ലഭ്യമാക്കാമെന്നായിരുന്നു ഉന്നതാധികാരികൾ വാക്കാൽ നൽകിയ ഉറപ്പ്. ഇതനുസരിച്ച് കേസ് പിൻവലിച്ചു. പക്ഷേ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല

അയിരൂർ മുരളീധരൻ, പ്രസിഡന്റ്, സെൻട്രൽ ആമ്ഡ് പൊലീസ് ഫോഴ്സസ് എക്സ് സർവീസ് മെൻ അസോസിയേഷൻ

..........

കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ കൃത്യമായ ഏകോപനം നടത്താൻ സാധിച്ചിരുന്നില്ല. പെൻഷൻ ലഭിക്കാത്ത എല്ലാവരെയും കോർത്തിണക്കി വിഷയം ഉന്നതാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്

പി.കെ.ഗണേഷ് ബാബു, സെക്രട്ടറി, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് എക്സ് സർവീസ് മെൻ അസോസിയേഷൻ

............