അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ രോഗ വിഭാഗത്തിൽ തൊഴിൽജന്യ ശ്വാസകോശ രോഗങ്ങൾക്കായുള്ള ഗവേഷണ കേന്ദ്രം ആരംഭിക്കാൻ സർക്കാർ അനുമതി. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് സർക്കാർ മെഡിക്കൽ കോളേജിൽ ഇത്തരം ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

ജില്ലയിലെ കയർ തൊഴിലാളികൾ, ചെമ്മീൻ പീലിംഗ് തൊഴിലാളികൾ എന്നിവർക്കിടയിൽ ശ്വാസകോശ രോഗങ്ങളെക്കുറിച്ച് വകുപ്പ് മേധാവി ഡോ.പി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് അഡിഷണൽ പ്രൊഫസറും, ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവുമായ ഡോ.പി.എസ്.ഷാജഹാൻ സെനറ്റ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയം സർക്കാർ അംഗീകരിക്കുകയുമായിരുന്നു. ഗവേഷണ കേന്ദ്രം അനുവദിച്ച സർക്കാരിനും സഹായങ്ങൾ ചെയ്ത യൂണിവേഴ്സിറ്റി അധികൃതർക്കും കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ശ്വാസകോശ വിദഗ്ദ്ധരുടെ സംഘടനയായ അക്കാഡമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ, മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാവർക്കും ഡോ.പി.വേണുഗോപാലും, ഡോ.പി.എസ്.ഷാജഹാനും നന്ദി അറിയിച്ചു.