ആലപ്പുഴ: വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ മാവേലിക്കരെ പല്ലാരിമംഗലം സ്വദേശിനി സുമതിക്കുട്ടി (62) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.

ജൂലായ് ഒന്നിന് വൈകിട്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സുമതിക്കുട്ടിയെ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ സ്ട്രോക്ക് ഉണ്ടായതാണെന്ന് കണ്ടെത്തി. തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചെങ്കിലും പിറ്റേദിവസം മെഡിസിൻ വിഭാഗം ഡോക്ടറെ കാണിക്കാമെന്നായിരുന്നു അധികൃതരുടെ മറുപടി. പിറ്റേന്ന് ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രിയിൽ സുമതിക്കുട്ടിക്ക് കഠിനമായ വേദനയുണ്ടായതിനെ തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു രാവിലെ 6ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കാര്യമായ പരിഗണന നൽകാത്തതിനാൽ രോഗിയുടെ സ്ഥിതി അതീവ ഗുരുതരമായെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തിരുവല്ലയിലേക്ക് പോകുന്ന വഴി വീണ്ടും സ്ഥിതി വഷളാവുകയും പെട്ടന്ന് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് അവിടെ നിന്നും കോട്ടയത്തെ സ്വകാര്യ ആശുപതിയിലേക്ക് നിർദേശിച്ചു. ഇവിടെ എത്തിച്ചെങ്കിലും രോഗി മരിച്ചു. വൈക്കത്തെ സ്വകാര്യ ആശുപതിയിലെ ഡോക്ടർമാർ കൃത്യമായ പരിശോധന നൽകാത്തതിനാലും മരുന്നിന്റെ ഡോസിൽ വരുത്തിയ പിഴവും മൂലമാണ് സുമതിക്കുട്ടി മരിച്ചതെന്ന് കാട്ടി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കായംകുളം എം.എൽ.എ, മാവേലിക്കര എം.എൽ.എ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഭർത്താവ് എൻ.സുകുമാരൻ, മകൾ സുമിത്ര എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.