അരൂർ : ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുമ്പോഴും വഴിയോരങ്ങളിൽ അനധികൃത കച്ചവടം തകൃതി. അരുർ - ഒറ്റപ്പുന്ന ദേശീയ പാതയുടെ ഇരുവശങ്ങളിൽ വൈകുന്നേരങ്ങളിലാണ് വില്പന. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്നതിനാൽ ആളുകൾ കൂട്ടമായി ഇവിടെ നിൽക്കുന്ന സ്ഥിതിയാണ്.

ദേശീയപാതയിൽ അരൂർ ബൈപാസ് ജംഗ്ഷൻ മുതൽ ക്ഷേത്രം ജംഗ്ഷന് തെക്കുവശം വരെ കാൽനടക്കാർക്ക് സഞ്ചരിക്കാൽ പറ്റാത്ത വിധമാണ് നടപ്പാത കയ്യേറിയുള്ള കച്ചവടം. വയലാർ ജംഗ്ഷൻ മുതൽ അരൂർ വരെയുള്ള പ്രദേശങ്ങളിൽ മാർച്ച് മുതൽ കഴിഞ്ഞ ദിവസം വരെ 1250 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അരൂർ പഞ്ചായത്തിൽ തിങ്കളാഴ്ച ആരോഗ്യ വകുപ്പ് 261 പേരുടെ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ 41 പേർക്ക് രോഗം സ്ഥീരീകരിച്ചു. കൂടാതെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ മറ്റ് 3 പേർക്കു കൂടി കൊവിഡ് പോസിറ്റീവായി . ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.