കുട്ടനാട്: സ്വന്തം പേരിൽ ഭൂമിയില്ലാത്ത കർഷകർക്ക് റോയൽറ്റി ആനൂകൂല്യം നിഷേധിക്കാനുള്ള കൃഷിവകുപ്പിന്റെ നടപടിയിൽ കർഷകരുടെ പ്രതിഷേധം. ഹെക്ടറൊന്നിന് രണ്ടായിരം രൂപ വീതമുള്ള റോയൽറ്റി സ്വന്തം പേരിൽ ഭൂമിയുള്ള കർഷകർക്ക് മാത്രമായി നിജപ്പെടുത്തി. ഇതോടെ നാട്ടിലെ ചെറുകിട കൃഷിക്കാരായ നൂറ് കണക്കിന് ആളുകൾക്ക് ആനുകൂല്യം നഷ്ടമാകും.
മരിച്ചവരുടെയൊ മറ്റു കുടുംബാഗംങ്ങളുടേയൊ പേരിലുള്ള ഭൂമിയിലാണ് ഇവരിൽ ഏറിയ പങ്കും കൃഷി ചെയ്യുന്നത്. ഓൺലൈനായി അപേക്ഷിക്കേണ്ട ഈ പദ്ധതിയിൽ നിന്ന് ഇവർ ആദ്യ റൗണ്ടിൽത്തന്നെ പുറത്താവും. ഈ മാസം 11 മുതൽ അക്ഷയകേന്ദ്രങ്ങൾ വഴിയും സർക്കാർ പോർട്ടൽ വഴിയുമാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. അക്ഷയകേന്ദ്രങ്ങളിലും മറ്റുംചെല്ലുമ്പോഴാണ് വസ്തു സ്വന്തംപേരിലായിരിക്കണമെന്ന കാര്യം പലരും അറിയുന്നത്.
മൊത്തത്തിൽ 118.24 കോടി വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ 40 കോടി റോയൽറ്റിക്കുവേണ്ടി മാത്രം വിനിയോഗിക്കാനാണ് 2020-21 ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ളത്. ആദ്യഘട്ടത്തിൽ രണ്ടു ലക്ഷം ഹെക്ടറിന്റെ ഉടമകൾക്കായിരിക്കും റോയൽറ്റി ലഭിക്കുക. അപേക്ഷ നൽകുന്നതിനൊപ്പം നടപ്പ് സാമ്പത്തിക വർഷത്തെ കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സമർപ്പിക്കണം.