a

മാവേലിക്കര: അന്തരിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞൻ കരിപ്പുഴ പാലയ്ക്കൽതാഴെ ഡോ.പി.എം.മാത്യു വെല്ലൂരിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. 1933 ജനുവരി 31ന് പി.എം.മത്തായിയുടെയും കുഞ്ഞമ്മയുടെയും മകനായി ജനനിച്ച പി.എം.മാത്യു മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലാണ് സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. തുടർന്ന് കേരള സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ മനശാസ്ത്ര വിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായും മെഡിക്കൽ കോളജിൽ അധ്യാപകനായും സർവവിജ്ഞാന കോശം മനഃശാസ്ത്ര വിഭാഗത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു.

1975 മുതൽ തിരുവനന്തപുരത്തുളള മനഃശാസ്ത്ര ചികിത്സാ കേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണാലിറ്റി ഡവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. അച്ഛാ ഞാൻ എവിടെനിന്നു വന്നു, കുമാരീ കുമാരന്മാരുടെ പ്രശ്നങ്ങൾ, കുടുംബ ജീവിതം, അച്ഛൻ കുട്ടിയായിരുന്നപ്പോൾ, നിങ്ങളുടെ ജീവിത പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം തുടങ്ങി മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമായി മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചെറുകഥാകൃത്തുകൂടിയായിരുന്ന അദ്ദേഹം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സൂസി മാത്യു. മക്കൾ: ഡോ.സജ്ജൻ, ഡോ.റേബാ, ലോല. മരുമക്കൾ: ഡോ.ബീന, ലാലു വർഗീസ്, മാമൻ ശാമുവേൽ.