വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കം പതിവായി

ആലപ്പുഴ: കേന്ദ്രസർക്കാർ മണ്ണെണ്ണയുടെ അലോട്ട്മെന്റ് വെട്ടിക്കുറച്ചതോടെ വെട്ടിലായത് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള,നീല കാർഡുടമകൾ മണ്ണെണ്ണയ്ക്കായി കടകളിൽ വരുന്നുണ്ടെങ്കിലും ഇവർക്ക് നൽകാൻ നിർവാഹമില്ലാത്ത സ്ഥിതിയാണ്. ഇതോടെ തർക്കവും പതിവായി.

ഈ വർഷത്തെ രണ്ടാം പാദത്തിലേക്ക് ജില്ലയ്ക്ക് 9264 കിലോലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്. ജൂലായ് 12ാം തിയതി മുതലാണ് രണ്ടാം പാദമായി കണക്കാക്കുന്നത്. ഇതിൽ 4344 കിലോലിറ്റർ ജൂലായിലും, 3444 കിലോലിറ്റർ ആഗസ്റ്റിലും വിതരണം ചെയ്തു . ബാക്കിയുള്ള 1476 കിലോലിറ്റർ മുഴുവൻ കാർഡുടമകൾക്കും നൽകാൻ കഴിയാത്തതിനാലാണ് മുൻഗണനേതര വിഭാഗങ്ങളെ മണ്ണെണ്ണ വിഹിതത്തിൽ നിന്ന് ഒഴിവാക്കിയത്.

കേന്ദ്രസർക്കാർ ഗ്രീൻ പ്രോട്ടോക്കാൾ പ്രകാരം മണ്ണെണ്ണയുടെ ദിനംപ്രതി ഉപയോഗം കുറച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതിനാൽ സംസ്ഥാനത്തിനും കൂടുതൽ വാദങ്ങൾ ഉന്നയിക്കാനാവില്ല. ഇതോടെ വൈദ്യുതി ഇല്ലാത്ത കുടുംബത്തിന് ലഭിക്കുന്ന നാല് ലിറ്റർ മണ്ണെണ്ണ വിതരണവും നിലച്ചു. എല്ലാ വിഭാഗം കാർഡുകാർക്കും മാസം അര ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. നിലവിൽ ബി.പി.എൽ, എ.എ.വൈ കാർഡുടമകൾക്ക് നൽകാനുള്ള മണ്ണെണ്ണ മാത്രമാണ് കടകളിൽ സ്റ്റോക്കുള്ളത്. ഒക്ടോബർ 12 വരെയാണ് രണ്ടാംപാദം കണക്കാക്കുന്നത്. പുതിയ അലോട്ട്മെന്റ് വന്ന ശേഷമേ ഒക്ടോബർ മുതൽ വിതരണത്തിനുള്ള മണ്ണെണ്ണ ലഭ്യമാകൂ.

9264: ജൂലായ് മുതലുള്ള രണ്ടാം പാദത്തിലെ വിതരണത്തിനായി കേന്ദ്രം അനുവദിച്ചത് 9264 കിലോലിറ്റർ മണ്ണെണ്ണ

ദിവസവും വെള്ള, നീല കാർഡുടമകൾ മണ്ണെണ്ണ തേടി വരുന്നുണ്ട്. പക്ഷേ ഇവർക്ക് മണ്ണെണ്ണ നൽകാൻ നിർവാഹമില്ല. കേന്ദ്രം അലോട്ട്മെന്റ് വർദ്ധിപ്പിച്ചാലേ നൽകാൻ സാധിക്കൂ

- വിനോദ് ഗോപാലകൃഷ്ണൻ, റേഷൻ വ്യാപാരി

കാർഡ് മുൻഗണനേതര വിഭാഗത്തിലായതിന്റെ പേരിൽ മണ്ണെണ്ണ നിഷേധിക്കുകയാണ്. ഞങ്ങളെപ്പോലെ ധാരാളം പേരാണ് വരുമാനം കുറവായിട്ടും എ.പി.എൽ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

- മോഹനനൻ, റേഷൻ ഉപഭോക്താവ്