രോഗം പടർന്നത് അഞ്ചാം വാർഡിലെത്തിയ ആളിൽ നിന്ന്
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ അഞ്ചാം വാർഡിൽ രോഗികളും ജീവനക്കാരും ഉൾപ്പെടെ 21 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ആരോഗ്യ പ്രവർത്തകരിലേക്കും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ശസ്ത്രക്രിയയ്ക്കായി അഞ്ചാം വാർഡിൽ പ്രവശിപ്പിച്ച ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ വാർഡിലെ രോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വ്യക്തമായത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറായില്ല.
ആലപ്പുഴ മെഡി. ആശുപത്രിയിൽ ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർമാർ ഉൾപ്പെടെ 72 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ 12 പേർ ചികിത്സയിലുമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും കടപ്പുറം ആശുപത്രിയിലെ മൂന്നു പേർക്കും ആലപ്പുഴ നഗരസഭയിലെ ആശവർക്കർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ പത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ല അവലോകന സമിതിയും പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്ന തീരുമാനങ്ങൾ നടപ്പാകാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോപണമുണ്ട്.
മെഡി. ആശുപത്രിയിൽ ഒരുവാർഡിൽ 60 മുതൽ 120 വരെ രോഗികളുണ്ട്. ഒരു നഴ്സും ഒരു അസിസ്റ്റുമാണ് ഇവരെ പരിചരിക്കുന്നത്. ഡോക്ടർമാർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഹൗസ് സർജൻമാർക്കാണ് ഡ്യൂട്ടി. കൊവിഡിനായി എൻ.ആർ.എച്ച്.എം പുതുതായി നിയമിക്കുന്ന നഴ്സുമാരെ മെഡി. ആശുപത്രിയിൽ നിയമിക്കാതെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറ്റുകയാണ്.
താപനിലയത്തിലും കൊവിഡ്
കായംകുളം താപനിലയത്തിലെ സൗരോർജ കരാർ ഏറ്റെടുത്ത കമ്പനിയുടെ രണ്ട് ജീവനക്കാർക്ക് ഞായറാഴ്ചയും മൂന്ന് പേർക്ക് തിങ്കളാഴ്ചയും കൊവിഡ് സ്ഥിരീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചു. രോഗവിവരം മറച്ചുവച്ച് ജോലികൾ തുടരുന്നുവെന്ന് ട്രേഡ് യൂണിനുകൾ ആരോപിച്ചതോടെ സമ്പർക്ക പട്ടിക തയ്യാറാക്കി 13 പേരെ നിരീക്ഷണത്തിലാക്കി. ആന്ധ്ര സ്വദേശിയായ എൻജിനീയർക്ക് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായി സൂചന ഉണ്ടങ്കിലും ആരോഗ്യവകുപ്പിൽ അറിയിച്ചിട്ടില്ല.കമ്പനിക്കുള്ളിലെ അനധികൃത ക്വാറന്റൈൻ കേന്ദ്രം അടച്ചു പൂട്ടി നിയമ നടപടി സ്വീകരിക്കുക, കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ ആകുന്നവർക്കും ശമ്പളവും ചികിത്സാ സഹായവും ചികിത്സ കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്ക് ആവശ്യമായ വാഹനസൗകര്യവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ടി.പി.സി ട്രേഡ് യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി.