ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും ജലസേചന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തോടുകളുടെ ആഴം കൂട്ടൽ പദ്ധതിയുടെ ഭാഗമായി പതിമൂന്നാം വാർഡിൽ പണ്ടാരത്തോട് മുതൽ പുഞ്ചപ്പാടം വരെയുളള തോടിന് ആഴംകൂട്ടുന്ന പദ്ധതിക്ക് അനുമതിയായി.പ്രളയത്തോടനുബന്ധിച്ച് മണൽ വന്ന് നിറഞ്ഞതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ് തോട്. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും ജലസേചന വകുപ്പും കൈകോർത്തപ്പോൾ പന്ത്റണ്ട് തോടുകളാണ് പുനർ നിർമ്മിക്കുന്നത്. രണ്ടാംഘട്ടമായി പുഞ്ചപ്പാടത്തിന്റെ ചുറ്റു ചാലുകളും ആഴം കൂട്ടുന്നതിന് ഭരണാനുമതി ലഭിച്ചു. പണ്ടാരതോടിൽ നടന്ന പുനർനിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുധർമ്മ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ സ്മിതി, സജിമോൻ, കൺവീനർ രവീന്ദ്രൻ, സുരേഷ്, വിനു ,എന്നിവർ പങ്കെടുത്തു.