ചേർത്തല: കേന്ദ്ര,സംസ്ഥാന സർക്കാരുകളുമായി കൈകോർത്ത് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നടത്തുന്ന സമ്പൂർണ്ണ കുടിവെളള പദ്ധതി ഒക്ടോബർ 8ന് ആരംഭിക്കും. ഗുണഭോക്താവിൽ നിന്നും ആയിരം രൂപ മാത്രം ഈടാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 23 വാർഡുകളിലായി 4100 ഗുണഭോക്താക്കളുണ്ടാകും. ഇവർക്കായി ഗ്രാമപഞ്ചായത്ത് 41 ലക്ഷം രൂപ പദ്ധതിതുകയിൽ നിന്നും നിക്ഷേപിച്ചു. ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകും. 4100 പേർക്ക് കുടിവെളളം ലഭ്യമാകുന്ന പദ്ധതി പൂർത്തിയാകുന്നതിന് അഞ്ച്‌ കോടി രൂപ മുതൽ മുടക്ക് വരും. പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ചർച്ചചെയ്യുന്നതിനായി പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ജലവിഭവ വകുപ്പ് അസിസ്​റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ(സബ്ഡിവിഷൻ) സി.ആർ.മനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്​റ്റന്റ് എൻജിനിയർ സി.കെ ശശി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ഭരണസമതി അംഗങ്ങളും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽഖാദർ സ്വാഗതവും പ്ലാൻ കോ-ഓർഡിനേ​റ്റർ എ.എം ജിമേഷ് നന്ദിയും പറഞ്ഞു.