മാവേലിക്കര: ദളിത് വിഭാഗങ്ങൾക്ക് നേരേ പീഡനങ്ങളും ബലാത്സംഗവും അതിക്രമങ്ങളും നിരന്തരം തുടർന്നുവരുന്ന ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിനെ ഉടൻ പിരിച്ചുവിടണമെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് നേരെയുള്ള അക്രമങ്ങൾ നിത്യസംഭവമായി. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നതെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.