tv-r

മനക്കോടം: തുറവൂർ പഞ്ചായത്തിലെ മനക്കോടം മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കട പരിസര മലിനീകരണമുണ്ടാക്കുന്നതായി ആക്ഷേപം. ഇവിടെ കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ രക്തവും അറവുമാലിന്യങ്ങളും സമീപത്തെ തോട്ടിലേക്ക് മണ്ണിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ ഒഴുക്കുകയാണ്. മാലിന്യങ്ങളും ചോരയും കെട്ടി കിടക്കുന്ന തോട് ദുർഗന്ധപൂരിതമായിട്ട് കാലമേറെയായി.

മനക്കോടം മാർക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള നടവഴി തോടിന് സമീപത്തു കൂടിയാണ് കടന്നുപോകുന്നത്. മുക്ക് പൊത്തിയാണ് ഇതു വഴി നാട്ടുകാർ സഞ്ചരിക്കുന്നത്. മഴക്കാലത്ത് തോട്ടിലെ വെള്ളം നിറഞ്ഞൊഴുകി മാലിന്യം സമീപത്തെ പുരയിടങ്ങളിലേക്ക് എത്തും. ഇതുമൂലം ജലസ്രോതസുകളും മലിനമാകുന്നതായി വീട്ടുകാർ പറയുന്നു.. ആരോഗ്യ ഭീഷണിയുയർത്തുന്ന മാലിന്യപ്രശ്നത്തിനെതിരെ രംഗത്ത് വരുന്നവരെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പരിസരവാസികൾ ആരോഗ്യ വകുപ്പ് അധികൃതർക്കും പഞ്ചായത്തിലും പല തവണ പരാതി നൽകിയിട്ടും മാലിന്യപ്രശ്നത്തിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.