ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ കാട്ടുപന്നി ശല്യത്തിന് ഉടൻ പരിഹാരമാകും. ലൈസൻസുള്ള തോക്കുപയോഗിച്ച് പന്നികളെ വെടിവെച്ചു കൊല്ലുവാനുള്ള അനുമതി തേടാൻ ഇന്നലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പത്തനംതിട്ട ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ അനുമതി ലഭിച്ചേക്കും. ഇന്നലെ രാവിലെ 11 നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ വിജയന്റെ അധ്യക്ഷതയിൽ ജാഗ്രതാ സമിതി യോഗം ചേർന്നത്. ജില്ലാ ഫോറസ്റ്റ് ഓഫീസറെ പ്രതിനിധീകരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനുരാഗ് , ഉദ്യോഗസ്ഥനായ അരുൺ എന്നിവരാണ് പങ്കെടുത്തത്. പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റവർക്കും വിളനാശം നേരിട്ടവർക്കും വനം വകുപ്പിന്റെ സഹായം ലഭിക്കുമെന്നും ഇതിനായി ഓൺലൈനിൽ അപേക്ഷ നൽകണമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് കെ.ബിജു, കൃഷി ആഫീസർ പി.രാജശ്രീ, പഞ്ചായത്തംഗങ്ങൾ, ജാഗ്രതാ സമിതിയംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.