a

മാവേലിക്കര: ചെട്ടികുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. ചെട്ടികുളങ്ങര പേള ബിന്ദുഭവനത്തിൽ പരേതനായ രമണന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ചെട്ടികുളങ്ങര വരിക്കോലിൽ ജംഗ്ഷനിലായിരുന്നു അപകടം. തട്ടാരമ്പലത്തിലെ മൊബൈൽ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അഭിജിത്ത് കായംകുളത്തേക്ക് പോകുമ്പോൾ എതിർ ദിശയിൽ വന്ന ഈരേഴ വടക്ക് ഉമേഷ് ഭവനത്തിൽ നിഖിൽ, ചെട്ടികുളങ്ങര പൂവൻപള്ളിയിൽ സംഗീത് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂവരേയും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിജിത്തിന്റെ മൃദദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ബിന്ദു. സഹോദരി അഭിരാമി. സംസ്‌കാരം പിന്നീട്.