fgd

ഹരിപ്പാട്: ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുമാരപുരം പൊത്തപ്പള്ളി വടക്ക് വിഷ്ണു വിജയ് ഭവനത്തിൽ പരേതനായ വേണുഗോപാലാചാരിയുടെ മകൻ വിജയ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മല്ലേക്കര കോളനിയിൽ മണിക്കുട്ടൻ (18) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ താമല്ലാക്കൽ കെ.വി ജെട്ടി ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ട് 4 നായിരുന്നു അപകടം.നാരകത്തറയിൽ നിന്ന് കരുവാറ്റ ഭാഗത്തേക്ക് പോയ വിജയും മണിക്കുട്ടനും സഞ്ചരിച്ച ബൈക്ക് മുന്നിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനടിയിൽ ഓട്ടോയിൽ തട്ടി നിയന്ത്രണം തെറ്റി എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനിലിടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരെ ഉടൻ തന്നെ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിജയിനെ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികി്തസയിലിരിക്കെ ഇന്നലെ രാവിലെ 11 ഓടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: പുഷ്‌കല. സഹോദരൻ: വിഷ്ണു .