s

പശു വളർത്തലും പാലുത്പാദനവും പ്രോത്സാഹിപ്പിക്കും

ആലപ്പുഴ: ക്ഷീര കർഷകർക്ക് പശു യൂണിറ്റുകൾ സ്ഥാപിക്കാനും തൊഴുത്ത് നിർമ്മാണത്തിനും കാലിത്തീറ്റയ്ക്കുമുള്ള ക്ഷീരഗ്രാമം പദ്ധതിക്ക് ആലപ്പുഴയിലും തുടക്കമാകുന്നു. വള്ളികുന്നം, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിർദ്ദിഷ്ട പ്രദേശങ്ങളിലെ പാലുത്പാദന സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ക്ഷീരവികസന പദ്ധതികൾ നടപ്പാക്കി പ്രാദേശിക സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഇതനുസരിച്ച് കർഷകർക്ക് 2 പശു ഡയറി യൂണിറ്റ്, 5 പശു ഡയറി യൂണിറ്റ്, കംപോസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം വാങ്ങാനുള്ള ധനസഹായം, ശാസ്ത്രീയ കാലിത്തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായം, ധാതുലവണ മിശ്രിതം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ ധനസഹായമാണ് സബ്സിഡിയോടെ നൽകുന്നത്. സംസ്ഥാനത്താകെ 25 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പഞ്ചായത്തുകളിൽ പാലുത്പാദനം പ്രതിദിനം 1200 ലിറ്ററിലെത്തിച്ച് മാതൃകാ ക്ഷീരഗ്രാമങ്ങളാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ കറവപ്പശുക്കളുടെ എണ്ണത്തിൽ വർദ്ധന വരുത്തുക വഴി പാൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനാവും.

പദ്ധതി

 2 പശു യൂണിറ്റ് (30 എണ്ണം): ഒരു യൂണിറ്റിന് 2.11 ലക്ഷം, സബ്സിഡി: 69,000

 5 പശു യൂണിറ്റ് (4 എണ്ണം): ഒരു യൂണിറ്റിന് 5.60 ലക്ഷം, സബ്സിഡി: 1.84 ലക്ഷം

 ഒരു പശുവും കിടാവും ഉൾപ്പെടുന്ന കോമ്പോസിറ്റ് യൂണിറ്റ് (10 എണ്ണം): ഒന്നിന് 1.41 ലക്ഷം, സബ്സിഡി: 53,000

 രണ്ട് പശുവും രണ്ട് കിടാവും ഉൾപ്പെടുന്ന കോമ്പോസിറ്റ് യൂണിറ്റ് (3 എണ്ണം): ഒന്നിന് 4 ലക്ഷം, സബ്സിഡി: 1.50 ലക്ഷം

 കറവയന്ത്രം (5 എണ്ണം): ഒന്നിന് 50,000, സബ്സിഡി: 25,000

മാതൃകാ ക്ഷീരഗ്രാമങ്ങളെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാലുത്പാദനത്തിൽ മികച്ച വർദ്ധനവുണ്ടാവുന്നതോടെ ഗ്രാമത്തിനാവശ്യമായത്ര പാൽ പ്രാദേശികമായിത്തന്നെ ലഭ്യമാകും

എ.അനുപമ, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ