s

നിയന്ത്രണങ്ങളിൽ നിറമംമങ്ങി വായനശാലകൾ

ആലപ്പുഴ: വായനശാലയിലെ ആൾക്കൂട്ടത്തിൽ തനിയെ ഇരുന്ന് വായിക്കുമ്പോഴുണ്ടാവുന്ന മനസുഖം മൊബൈൽ സ്ക്രീനിലെയോ കമ്പ്യൂട്ടറിലെയോ ചതുരവടിവിൽ ആസ്വദിക്കാനാവുമോ? കൊവിഡിന്റെ വരവോടെ പൂട്ടുവീണ വായനശാലകൾക്ക്, ഇളവുകളെത്തുടർന്ന് ഭാഗിക പ്രവർത്തനാനുമതി ലഭിച്ചെങ്കിലും കാര്യങ്ങൾ പൂർവ്വ സ്ഥിതിയിലെത്താൻ വൈകുന്നത് പുസ്തകപ്രേമികളെ നിരാശരാക്കുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരമാവധി അഞ്ചുപേർക്ക് മാത്രമാണ് ഒരേ സമയം പ്രവേശനം. കുട്ടികളും പ്രായമായവരും എത്തുന്നതേയില്ല. പല വായനശാലകളും ഇവർക്ക് പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകുന്നുണ്ട്. വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരങ്ങൾ കുട്ടികൾ വാട്സാപ്പിൽ അയച്ചു നൽകണം. കണ്ടൈൻമെന്റ് സോണുകളിൽ പുസ്തകവിതരണം നടക്കുന്നില്ല. വായനയെ പ്രോത്സാഹിപ്പിക്കാനും പുസ്തകപ്രേമികളെ ആകർഷിക്കാനുമായി ലൈബ്രറി കൗൺസിലിന്റെ മേൽനോട്ടത്തിൽ, മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലൈബ്രറികൾ കേന്ദ്രീകരിച്ച് സെമിനാറുകളും പുസ്തക ചർച്ചകളും നടത്തുന്നുണ്ട്. ആകെ ഏഴ് വിഷയങ്ങളും, അഞ്ച് പുസ്തകങ്ങളുമാണ് ചർച്ചയ്ക്കുള്ളത്.

സാനിട്ടൈസറിനെക്കാൾ വീര്യവും സാന്ദ്രതയുമുള്ള ഉപരിതല സ്പ്രേ ഉപയോഗിച്ച് പത്രങ്ങളടക്കം അണുവിമുക്തമാക്കിയാണ് ഉപയോഗിക്കുന്നത്. ഒരു വായനശാലയിലെ പത്ത് അംഗങ്ങളെങ്കിലുമുള്ള സേന പ്രദേശത്ത് കൊവിഡ് ബോധവത്കരണമടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

ഗ്രാന്റുള്ള ലൈബ്രറികൾ കുറവ്

മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ ഗ്രാന്റുള്ള ലൈബ്രറികളുടെ എണ്ണം കുറവാണ്. വായനശാലകൾ അധികമില്ലാത്ത കുട്ടനാടൻ പ്രദേശങ്ങളിലടക്കം പുതിയ ലൈബ്രറികളുടെ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാനും നിലവിൽ പ്രവർത്തിക്കുന്നവയ്ക്ക് അഫിലിയേഷൻ നൽകാനുമുള്ള ശ്രമത്തിലാണ് ലൈബ്രറി കൗൺസിൽ. വായനശാലകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ക്ലാസുകളിൽ ആദ്യഘട്ടത്തിൽ എത്തിയിരുന്ന കുട്ടികളിൽ ഇരുപത് ശതമാനം പേർ സ്മാർട് ഫോൺ അടക്കം സംവിധാനങ്ങൾ ലഭിച്ചതോടെ പഠനം വീട്ടിലേക്ക് മാറ്റി. രണ്ടുനേരത്തെ ഓൺലൈൻ ക്ലാസിൽ ഓരോ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് കുട്ടികൾ പങ്കെടുക്കുന്നത്.

..........................

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രന്ഥശാലകൾ സജീവമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൂടാതെ ജില്ലയിൽ വായനശാലകളുടെ എണ്ണം വ‌ർദ്ധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു

പി.തിലകരാജ്, ജില്ലാ സെക്രട്ടറി, ലൈബ്രറി കൗൺസിൽ

ജില്ലയിൽ ഗ്രാന്റുള്ള വായനശാലകളുടെ എണ്ണം - 318

.....................................

കൊവിഡിലെ മാസപ്പരിപാടി

വായനയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ലൈബ്രറി കൗൺസിലാണ് എല്ലാ വായനശാലകൾക്കും മാസപ്പരിപാടി നിശ്ചയിച്ചു നൽകിയിരിക്കുന്നത്. ഈ മാസം വിവിധ വിഷയങ്ങളും 5 പുസ്തകങ്ങളുമാണ് ചർച്ചയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വിഷയങ്ങൾ: ദേശീയ വിദ്യാഭ്യാസനയം, ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ, ഗ്രന്ഥശാലകളും അധികാര വികേന്ദ്രീകരണവും, കൊവിഡ് പ്രതിരോധം; സാമൂഹിക ഇടപെടൽ, ലൈബ്രറി വികസനം; തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്

പുസ്തകങ്ങൾ: ജാതിനിർണയം - ശ്രീനാരായണഗുരു, ചണ്ഡാലഭിക്ഷുകി - കുമാരനാശാൻ, വാഴക്കുല - ചങ്ങമ്പുഴ, മുത്തശ്ശി - ചെറുകാട്, രണ്ടാമൂഴം - എം.ടി.വാസുദേവൻ നായർ