s

അഞ്ചുവർഷത്തിനിടെ നിക്ഷേപിച്ചത് രണ്ടുകോടി മത്സ്യക്കുഞ്ഞുങ്ങളെ

ആലപ്പുഴ:വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്ത് ഒഴിയാതിരിക്കാൻ അഞ്ചു വർഷത്തിനിടെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചത് വിവിധ ഇനങ്ങളിലുള്ള രണ്ടുകോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ. ഒരു കോടിയാണ് ഇതിനായി ചെലവഴിച്ചത്. ലഭ്യത കുറയുന്ന മത്സ്യങ്ങളായ കരിമീൻ, കൊഞ്ച്, ചെമ്മീൻ, കാര, കട്ട് ള (കാർപ്പ്), കാളാഞ്ചി, കണമ്പ്, കൊഴുവ, അറിഞ്ഞിൽ എന്നിവയാണ് നിക്ഷേപിക്കുന്നത്. ഇതിൽ 90 ശതമാനവും 'പ്രായപൂർത്തി'യാവുമ്പോൾ ചൂണ്ടയിലോ വലയിലോ കുടുങ്ങി തിരികെ കരയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മലിനീകരണവും മണലടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതുമാണ് മത്സ്യസമ്പത്തിനു നാശമായത്.

ഇതോടെ ഉൾനാടൻ മത്സ്യമേഖല ദുരിതത്തിലായി. കായലിന്റെ വിസ്തൃതി കുറയുകയും ചെയ്തു. അടിത്തട്ടിൽ പ്ലാസ്റ്റിക് അടിയുന്നത് മത്സ്യങ്ങളുടെ നാശത്തിനു കാരണമാകുന്നതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
1930ൽ തണ്ണീർമുക്കം, ആലപ്പുഴ മേഖലകളിൽ കായലിന്റെ ആഴം എട്ട് മുതൽ ഒമ്പത് മീറ്റർ വരെയായിരുന്നു. ഇപ്പോൾ 1.6 മുതൽ 4.5 മീറ്റർ വരെയായി കുറഞ്ഞു. പ്രളയത്തിൽ ഒഴുകിയെത്തിയ എക്കൽ അടിഞ്ഞതാണ് ആഴം കുറയാൻ കാരണം.

കായലിനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നത് അരലക്ഷത്തോളം മത്സ്യത്തൊഴികളും അനുബന്ധ തൊഴിലാളികളുമാണ്. ഈ കുടുംബങ്ങൾ നിലവിൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

മത്സ്യസമ്പത്ത് കുറയുന്നു

ഹൗസ്ബോട്ട് മാലിന്യവും ജലവാഹനങ്ങളിൽ നിന്നുള്ള എണ്ണയും കായലിൽ കലരുന്നത് മത്സ്യസമ്പത്തിനെയും തൊഴിലാളികളെയും ബാധിക്കുന്നു. മുമ്പ് വേമ്പനാട്ടു കായലിൽ 250ലേറെ നാടൻ മത്സ്യങ്ങളുണ്ടായിരുന്നു. നിലവിൽ വംശനാശഭീഷണിയുള്ള 100ൽ താഴെ മത്സ്യങ്ങളാണുള്ളത്. കായലിലെ നീർക്കാക്കകളുടെ എണ്ണവും കുറഞ്ഞു. പാടശേഖരങ്ങളിൽ നിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും മലിനീകരണത്തിന്റെ മറ്റൊരു കാരണമാണ്.

കഴിഞ്ഞ മൂന്ന് വർഷം നിക്ഷേപിച്ച ഇനങ്ങൾ (ചെലവ് 72 ലക്ഷം)

 പൂമീൻ-7.5 ലക്ഷം

 കാരച്ചെമ്മീൻ-37.5 ലക്ഷം

 കരിമീൻ-20 ലക്ഷം

 കട്ട് ള (കാർപ്പ്)-27 ലക്ഷം

 നാരൻ ചെമ്മീൻ-10 ലക്ഷം

പ്രധാന നിക്ഷേപ കേന്ദ്രങ്ങൾ

തുറവൂർ, മുഹമ്മ, തണ്ണീർമുക്കം, ആര്യാട്, മണ്ണഞ്ചേരി, നെടുമുടി, ചമ്പക്കുളം, കാവാലം, നീലംപേരൂർ, ദേവികുളങ്ങര

ഈ സാമ്പത്തികവർഷം 43.35 ലക്ഷം രൂപയുടെ പദ്ധതിയിൽ 25 ലക്ഷം കാരച്ചെമ്മീനും 20 ലക്ഷം കാർപ്പും ഇതുവരെ നിക്ഷേപിച്ചു കഴിഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ 10 ലക്ഷം നാരൻ ചെമ്മീൻ നിക്ഷേപിക്കും. സർക്കാർ ഹാച്ചറിയിൽ നിന്നു വാങ്ങുന്ന വലിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. 10 ശതമാനത്തിൽ താഴെ മാത്രമേ നശിക്കാറുള്ളു

ഫിഷറീസ് അധികൃതർ