ആലപ്പുഴ: കേരളം ഭരിക്കുന്നത് കോൺഗ്രസ് -ലീഗ്- മാർക്‌സിസ്‌ററ്(കോ-ലീ-എം) സഖ്യമാണെന്നും അവർ തന്നെയാണ് സ്വർണ്ണക്കടത്തിനും അഴിമതിക്കും പിന്നിലെന്നും ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രി ജലീലിന്റെ രാജി ആശ്യപ്പെട്ട് കർഷക മോർച്ച ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.എൻ.രാധാകൃഷ്ണൻ. തൊഴിലാളിവർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കടത്തിലൂടെയും വട്ടിപ്പലിശയിലൂടെയും സമ്പാദിച്ചത് കോടികളാണ്. മയക്കുമരുന്നു കടത്തിലും, സ്വർണ്ണ ക്കടത്തിലും, മറ്റു കള്ളക്കടത്തുകളിലും സി.പി.എമ്മിന്റെ കണ്ണൂർ ലോബിയുടെ പങ്ക് വ്യക്തമാണ്. കിടപ്പാടമില്ലാത്തവന് കിടപ്പാടം നിർമ്മിക്കുന്ന പദ്ധതിയിൽ പോലും കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി ആംഗം വെളിയാകുളം പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.വി.രാമചന്ദ്രൻ, ജില്ലാ ഉപാദ്ധ്യക്ഷൻ എം.ആർ.സജീവ്, സെക്രട്ടറി വി.ആർ.ബൈജു, ബി.ജെ.പി മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ, ജില്ലാ ഭാരവാഹികളായ എൽ.പി.ജയചന്ദ്രൻ, അഡ്വ. പി.കെ.ബിനോയ്, ടി.സജീവ് ലാൽ, അഡ്വ. രൺജീത് ശ്രീനിവാസ്, ശ്രീദേവി വിപിൻ എന്നിവർ സംസാരിച്ചു.