ആലപ്പുഴ: ആലപ്പുഴയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവായിട്ടും ബാക്കി ജീവനക്കാർക്ക് പരിശോധന നടത്താനോ, ക്വാറന്റൈൻ നിർദേശിക്കാനോ അധികൃതർ തയ്യാറാകാത്തതിനാൽ ജീവനക്കാരിൽ അമർഷം. അബ്കാരി, അക്കൗണ്ട്സ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കാണ് ഒരാഴ്ചയിലെ ഇടവേളയിൽ ഫലം പോസിറ്റീവായത്.
നാല് വനിതകളുൾപ്പടെ 17 ജീവനക്കാരുള്ള ഓഫീസിൽ ആരെയും നിരീക്ഷണത്തിനയച്ചിട്ടില്ല. പ്രമേഹമുൾപ്പെടെ വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ജോലിക്കെത്തുന്നുണ്ട്. ഇന്നലെ പോസിറ്റീവായ ജീവനക്കാരന് ഓഫീസിലെ പലരുമായും സമ്പർക്കമുണ്ടെന്നും അടിയന്തരമായി പരിശോധന നടത്താനോ, നിരീക്ഷണത്തിനോ നിർദേശം നൽകിയില്ലെങ്കിൽ കൊവിഡ് വ്യാപനമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ജീവനക്കാർ പറയുന്നു.
കൊവിഡ് പോസിറ്റീവായ ജീവനക്കാരന് മറ്റ് ജീവനക്കാരുമായി സമ്പർക്കമില്ലാത്തതിനാൽ ആരും ക്വാറന്റൈനിൽ പോകേണ്ടതില്ല. പരിശോധന നടത്താനായി ആരോഗ്യവിഭാഗത്തിന് അപേക്ഷ നൽകിയിട്ടുണ്ട്
ഷാജി എസ്.രാജൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ