 വിപുലമായ പരിപാടികളുമായി ജില്ലാ ഭരണകൂടം


ആലപ്പുഴ: കൊവിഡിനൊപ്പം സുരക്ഷിത ജീവിതം എന്ന ലക്ഷ്യത്തോടെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും സ്വയം സുരക്ഷിതരാകാനുള്ള ബോധവത്കരണത്തിനുമായി ജില്ലയിൽ 'കരുതാം ആലപ്പുഴയെ' എന്ന പേരിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ ഒരു മാസം കൊവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടി നടത്തും.

ബോധവത്കരണ പ്രവർത്തനങ്ങളോടൊപ്പം, കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി 12 ബ്ളോക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിപ്പിക്കും. മാസ്‌ക്, സാനിട്ടൈസർ, കൈകഴുകൽ, സാമൂഹിക അകലം ഉറപ്പിക്കൽ എന്നിവയുടെ പ്രാധാന്യം കൂടുതൽ ജാഗ്രതയോടെ ജനങ്ങളിൽ എത്തിക്കാനും വയോജനങ്ങൾ, കിടപ്പുരോഗികൾ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾക്ക് ചികിത്സതേടുന്നവർ തുടങ്ങിയവരെ സംരക്ഷിക്കാനും വേണ്ടിയാണ് കരുതാം ആലപ്പുഴയെ എന്ന തീവ്ര പ്രചാരണ പരിപാടി.

 ആദ്യം മാസ്ക് വിതരണം


ഇന്ന് വയോജനങ്ങൾക്ക് മാസ്‌ക് വിതരണം ചെയ്തുകൊണ്ട് പ്രചാരണ പരിപാടിക്ക് തുടക്കുമാവും. രാവിലെ 9.30ന് കളക്ടറേറ്റിൽ മാസ്‌ക് വിതരണ കാമ്പയിൽ കളക്ടർ എ.അലക്സാണ്ടർ ഫ്ളാഗ് ഒഫ് ചെയ്യും. കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങളുടെ പങ്കാളിത്തം സോഷ്യൽ മീഡിയയിലൂടെ ഉറപ്പാക്കാൻ കരുതാം ആലപ്പുഴയെ എന്ന ഫേസ് ബുക്ക് പേജും തയ്യാറാക്കി. karuthamalappuzhaye@gmail.com എന്ന ഇ.മെയിലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫോട്ടോയും റിപ്പോർട്ടും അയയ്ക്കാം.

 സ്ക്വാഡുകൾ

സ്‌ക്വാഡുകൾ രൂപീകരിച്ച് മാസ്‌ക്, സാനിട്ടൈസർ, സാമൂഹിക അകലം ഉറപ്പാക്കൽ എന്നിവ നിർബന്ധമാക്കും. ദുരന്തനിയന്ത്രണ നിയമപ്രകാരം രൂപീകരിക്കുന്ന സ്‌ക്വാഡിന് കടകളും മാർക്കറ്റുകളും പരിശോധിച്ച് പിഴയീടാക്കാം. സ്‌ക്വാഡിൽ ചുമതലയുള്ള ഗസറ്റഡ് ഓഫീസർക്കു പുറമെ പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. സ്വകാര്യ ചടങ്ങുകൾ അടക്കമുള്ളവ പരിശോധിക്കും. മറ്റു കൊവിഡ് മാനദണ്ഡ ലംഘനങ്ങൾക്ക് പിഴ ചുമത്താനും ഇവർക്ക് അധികാരമുണ്ട്. ഏകോപിപ്പിക്കാൻ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കും. 20 വീടുകൾക്ക് ഒരു വോളണ്ടിയർ എന്ന നിലയിൽ ജില്ലയിലെ എല്ലാ വാർഡുകളിലും വോളണ്ടിയർമാരെ നിയമിച്ച് ചുമതല നൽകും. പ്രവർത്തനങ്ങളുടെ ഏകോപനം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള വോളണ്ടിയർമാരടങ്ങുന്ന സ്റ്റാർ പദ്ധതി വഴി നടപ്പിലാക്കും.


 കരുതാം വയോജനങ്ങളെ

വയോജന ദിനമായ ഇന്ന് 'കരുതാം വയോജനങ്ങളെ' പദ്ധതി ആരംഭിക്കും. ജില്ലയിലെ മൂന്നര ലക്ഷത്തോളം വരുന്ന വയോജനങ്ങളെ കൊവിഡിൽ നിന്നു സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇന്നു മുതൽ 7 വരെ വയോജനങ്ങൾക്കിടയിൽ മാസ്‌ക് വിതരണം വിപുലപ്പെടുത്തും. വൃദ്ധസദനങ്ങളിൽ ഉൾപ്പെടെ മാസ്‌ക് എത്തിക്കും. സീനിയർ സിറ്റിസൺ പ്രൊട്ടക്ഷൻ ഫോഴ്‌സ് ആരംഭിക്കും. സാമൂഹ്യനീതി വകുപ്പ് ,കുടുംബശ്രീ മിഷൻ എന്നിവർക്കാണ് ഇതിന്റെ ചുമതല. 9ന് വീടുകളിൽ കുട്ടികൾ വയോജനങ്ങൾക്ക് മാസ്‌ക് ശരിയായ രീതിയിൽ ധരിപ്പിച്ച് അവരെയും മറ്റു കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രതിജ്ഞ ചൊല്ലും. 10,11 തീയതികളിലായി നേർക്കാഴ്ചകൾ എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വയോജനങ്ങളുടെ മാനസിക ശാക്തീകരണത്തിനുതുകന്നതും കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ അടങ്ങുന്നതുമായ രചനകൾ, നിർമ്മിതികൾ, നാടൻ വിഭവങ്ങളുടെ പാചകരീതി എന്നിവ തയ്യാറാക്കി അയച്ചു നൽകാം. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകും.

 അണുനശീകരണം


ഗാന്ധിജയന്തി ദിനം മുതൽ ഒരാഴ്ച ജില്ലയിലെ വീടുകൾ, ഓഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ, മറ്റു പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ തുടങ്ങി എല്ലായിടത്തും അണുനശീകരണം നടത്തും. കൊവിഡിനെതിരെയുളള സുരക്ഷക്കായി ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ 6 ടീസ്പൂൺ) ഉപയോഗിച്ചുള്ള അണുനശീകരണ പരിപാടി സംഘടിപ്പിക്കും. .