അരൂർ: തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നവജാത ശിശുവിനുള്ള ചികിത്സാ സഹായം എത്തിച്ചു നൽകി വോയ്സ് ഓഫ് എഴുപുന്ന നവമാദ്ധ്യമ കൂട്ടായ്മ .എഴുപുന്ന നീണ്ടകര ചുടുകാട്ടുത്തറ ദിപിന്റെ പിഞ്ചുകുഞ്ഞിനാണ് രണ്ട് ദിവസം കൊണ്ട് ശേഖരിച്ച 32 300 രൂപയുടെ ചികിത്സാ സഹായം വീട്ടിലെത്തിച്ചു നൽകിയത്. ദിപിന്റെ ഭാര്യ ആറാം മാസത്തിൽ പ്രസവിച്ച കുട്ടി മാസങ്ങളായി എറണാകുളം ലിസി ഹോസ്പിറ്റൽ തീവ്രപരിചരണ വിഭാഗത്തിലാണ് . നിലവിൽ ചികിത്സയ്ക്കായി 3 ലക്ഷം രൂപയിലധികം ചെലവായി. കൂലിപ്പണിക്കാരനായ ദിപിനും കുടുംബത്തിനും തുടർചികിത്സാ ചെലവ് വഴി മുട്ടിയ വിവരമറിഞ്ഞാണ് നവ മാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് എഴുപുന്ന ഗ്രൂപ്പിലെ അംഗങ്ങളും, സുഹൃത്തുക്കളും സഹായഹസ്തവുമായി മുന്നോട്ട് വന്നത്. അഡ്മിൻ മാരായ റെജി റാഫേലും ജോജൻ റാഫേലും ചേർന്ന് ദിപിന്റെ വീട്ടിലെത്തിയാണ് സഹായ ധനം കൈമാറിയത്.