1

 നിർദ്ധന കുടുംബങ്ങളിൽ സൗജന്യ സേവനം


ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കൊവിഡ് കെയർ സെന്ററുകൾക്ക് പുറമേ, വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണുനശീകരണം നടത്താനായി

കുടുംബശ്രീ രംഗത്തിറക്കിയ 'ഡീപ് ക്ലീനിംഗ് ഡിസ് ഇൻഫെക്ഷൻ' ടീമിന് സ്വീകാര്യതയേറുന്നു.

ആറ് അംഗങ്ങൾ വീതമുള്ള 16 യൂണിറ്റുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മൊത്തം 96 പേർ. കുടുംബശ്രീ, ഹരിതകർമ്മ സേന അംഗങ്ങളായ സ്ത്രീകളാണ് എല്ലാവരും. ആവശ്യമായ ലോഷനും ഉപകരണങ്ങളും കുടുംബശ്രീ ആണ് ലഭ്യമാക്കുന്നത്. നിരക്ക് സർക്കാർ പുതുക്കിയെങ്കിലും കഴിഞ്ഞ മാസം ആരംഭഘട്ടത്തിൽ നിലവിലുണ്ടായിരുന്ന, ചതുരശ്ര അടിക്ക് രണ്ടു രൂപ എന്നതാണ് പല യൂണിറ്റുകളും വ്യക്തികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സേവനം സൗജന്യമാണ്. കൊവിഡ് കെയർ സെന്ററുകളിൽ പോസിറ്റീവായിരുന്ന വ്യക്തി രോഗം ഭേദമായി മടങ്ങി 48 മണിക്കൂറിന് ശേഷമാണ് അവിടെ അണുനശീകരണം നടത്തുക. രോഗീസമ്പർക്കം പുലർത്തിയിരുന്ന കെട്ടിടങ്ങളും, വാഹനങ്ങളും, പൊതു ഇടങ്ങളും പൂർണമായും അണുവിമുക്തമാക്കും.

....................................

ഡിസിൻഫക്ഷൻ ടീമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ, സ്വകാര്യ വ്യക്തികളും വിളിക്കുന്നുണ്ട്

ജെ.പ്രശാന്ത് ബാബു, ജില്ലാ കോ- ഓർഡിനേറ്റർ, കുടുംബശ്രീ

..................................

പഞ്ചായത്തിന് കീഴിലുള്ള കൊവിഡ് കെയർ സെന്ററിലാണ് കൂടുതൽ ജോലി ലഭിക്കുന്നത്. കേട്ടറിഞ്ഞ് വീടുകളിലേക്കും, സ്ഥാപനങ്ങലിലേക്കും ഇപ്പോൾ വിളിക്കുന്നുണ്ട്. നി‌ർദ്ധന കുടുംബങ്ങളിൽ അണുനശീകരണം തികച്ചും സൗജന്യമാണ്.

സുനീറ, റെഡ് ബീ ടീം, കുമാരപുരം

..........................

 നിരക്ക്

അണുനാശിനി തളിക്കൽ:ചതുരശ്ര അടിക്ക്- 1.85 രൂപ (സർക്കാർ സ്ഥാപനങ്ങൾ), 2.25 രൂപ (സ്വകാര്യ സ്ഥാപനങ്ങൾ)

തീവ്രശുചീകരണവും അണുനാശിനി തളിക്കലും: 2.95 രൂപ (സർക്കാർ), 3.45 രൂപ (സ്വകാര്യം)

വാഹനത്തിൽ തീവ്രശുചീകരണവും അണുവിമുക്തമാക്കലും: കാർ, ജീപ്പ്: 650, മിനി ബസ്: 1200, ബസ്, ട്രക്ക്: 1350- 2000 രൂപ

..........................