ഹരിപ്പാട്: കവർച്ച നടന്ന കരുവാറ്റയിലെ സഹകരണബാങ്ക് എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ സന്ദർശിച്ചു. തുടർന്ന് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കേസുമായി ബന്ധപ്പെട്ട് അവലോകനയോഗം നടത്തി. ആലപ്പുഴ എസ്.പി പി.എസ് സാബു, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ ആർ.ഫയാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഓണ അവധിക്കുശേഷം സെപ്റ്റംബർ മൂന്നാം തീയതി തുറന്നപ്പോഴാണ് കരുവാറ്റ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലരക്കോടി രൂപയുടെ സ്വർണവും നാലര ലക്ഷം രൂപയും മോഷണം പോയതായി അറിയുന്നത്.