ആലപ്പുഴ: അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് മുൻവശം ദേശീയപാതയോടു ചേർന്ന് നടത്തുന്ന മത്സ്യക്കച്ചവടം അവസാനിപ്പിക്കാൻ പൊലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ ഡിവൈ.എസ്.പി എന്നിവർക്ക് കത്തു നൽകി.

പുലർച്ചെ നാലുമുതൽ എട്ടുവരെയാണ് ഇവിടെ കച്ചവടം. ദേശീയപാത കൈയേറി കച്ചവടം നടത്തുക, ഗതാഗത സ്തംഭനം സൃഷ്ടിക്കുക, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുക, കൊവിഡിന്റെ കാലത്ത് ആളുകൂടാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് ഇവർ ചെയ്യുന്നത്. ജാമ്യമില്ലാത്ത കുറ്റങ്ങളാണിവ. കാസർകോട് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ ഒരു തരത്തിലുള്ള മത്സ്യവ്യാപാരവും പാടില്ലെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറുടെ ഉത്തരവ് നിലവിലുണ്ട്. കല്ലമ്പലം, കായംകുളം എന്നിവിടങ്ങളിൽ ദേശീയപാതയോടു ചേർന്നുള്ള മത്സ്യവ്യാപാരം പൊതുമരാമത്ത് വകുപ്പിന്റെ പരാതിയെത്തുടർന്ന് പൊലീസ് അവസാനിപ്പിച്ചിരുന്നെന്നും ജി. സുധാകരൻ വ്യക്തമാക്കി.