ഹരിപ്പാട്: ഹരിപ്പാട്ടെ നിർദ്ദിഷ്ട സ്റ്റേഡിയം അട്ടിമറിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്തിൽ നഗരസഭാ നേതൃത്വം ശ്രമിക്കുന്നതെന്ന് സി.പി.എം ഹരിപ്പാട് മുനിസിപ്പൽ പാർട്ടി സെക്രട്ടറി എം. സത്യപാലൻ ആരോപിച്ചു.
കായിക പരീശീലനത്തിനും വിവിധ മത്സരങ്ങൾക്കും ഉതകുന്ന ഉയർന്ന നിലവാരത്തിലുള്ള സ്റ്റേഡിയമെന്ന ആവശ്യം ഉന്നയിച്ച് സി.ബി.സി വാര്യർ ഫൗണ്ടേഷനും സി.പി.എം ഹരിപ്പാട് ഏരിയാ കമ്മിറ്റിയും മുഖ്യമന്ത്രിക്കും മന്ത്രി തോമസ് ഐസക്, ജി.സുധാകരൻ എന്നിവർക്കും നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019-20 വാർഷിക ബഡ്ജറ്റിൽ ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമ്മിക്കാൻ 5 കോടി വകയിരുത്തി. എന്നാൽ ഒരു വർഷമായിട്ടും സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ എം.എൽ.എ യോ ഹരിപ്പാട് മുനിസിപ്പിലാറ്റിയോ യാതൊരു താല്പര്യവും കാട്ടിയില്ല. എം.എൽഎ കായിക വകുപ്പിന് നൽകിയ നിർദ്ദേശം സ്വാഭാവിക പുൽതകിടിയോടെയുളള ഗ്രൗണ്ട്, അനുബന്ധമായ മണ്ണ് ഫില്ലിംഗ്, സംരക്ഷണഭിത്തി, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ് എന്നിവ മതിയെന്നാണ്. ഇതനുസരിച്ച് കായിക വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 3 കോടി മതിയാകും. ബാക്കി രണ്ട് കോടി എന്ത് ചെയ്യണമെന്ന് വ്യക്തമായി യാതൊരു നിർദ്ദേശവും എം.എൽ.എയോ മുനിസിപ്പൽ അധികാരികളോ നൽകിയിട്ടില്ല. ഇതുപയോഗിച്ച് ഒരു ഗാലറി കെട്ടിടം കൂടി നിർമ്മിക്കാൻ കായിക വകുപ്പ് വിശദമായ ഡി.പി.ആർ സഹിതം എം.എൽ.എയുടെ അനുവാദത്തിനായി നൽകിയിട്ട് നാല് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.